കുഴൽമന്ദം
മൂപ്പു കുറഞ്ഞ ‘കുഞ്ഞുകുഞ്ഞ് വർണ’ നെൽവിത്ത് പാലക്കാടൻ പാടശേഖരങ്ങൾക്ക് അനുയോജ്യമെന്ന് കർഷകർ. കുത്തനൂർ മന്ദംപാറ പാടശേഖരത്തിലെ അറുപതോളം കർഷകരാണ് ഈ നെല്ലിനം കൃഷിചെയ്ത് വിജയഗാഥ രചിക്കുന്നത്. പങ്കാളിത്ത വിത്തുൽപ്പാദന പരിപാടിയുടെ ഭാഗമായി ഒന്നാംവിളക്കാലത്ത് 45 ഏക്കറിൽ ഈ വിത്ത് കൃഷി ചെയ്തിരുന്നു. ആവശ്യത്തിന് മഴ ലഭിക്കാതിരുന്നതിനാൽ 45 ദിവസം പ്രായമായ ഞാറാണ് നടാനായത്. നടീൽ വൈകിയതോടെ വിളവ് 20 ശതമാനം കുറയുമെന്ന് കരുതിയിരുന്നെങ്കിലും ഹെക്ടറിന് 5.5 ടൺ നെല്ല് കിട്ടി. കാലാവസ്ഥാ വ്യതിയാനം മൂലം മഴ കുറഞ്ഞതോടെ ബുദ്ധിമുട്ടിലായ പാലക്കാട്ടെ കർഷകർക്ക് ആശ്വാസമാകാൻ കുഞ്ഞുകുഞ്ഞ് വർണയ്ക്ക് കഴിയും.
പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ സയിന്റിഫിക് ഓഫീസർ പി അബ്ദു സബൂർ, അസിസ്റ്റന്റ് പ്രൊഫ. കെ ആർ ബിജി എന്നിവർ മന്ദംപാറ പാടശേഖരത്തിലെത്തി പരിശോധന നടത്തി. വൈകി ഞാറ് നട്ടിട്ടും നല്ല വിളവ് ലഭിച്ചത് പ്രതീക്ഷ നൽകുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
‘കുഞ്ഞുകുഞ്ഞി’ന്റെ രണ്ടാം വരവ്
‘കുഞ്ഞുകുഞ്ഞ്’ എന്ന് നെൽവിത്ത് മുമ്പ് പാലക്കാട്ടും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായി കൃഷിചെയ്തിരുന്നു. എന്നാൽ പിന്നീട് ഇവയുടെ ഉപയോഗം കുറഞ്ഞു. ഈ ഇനത്തിൽനിന്ന് പട്ടാമ്പി നെല്ല് ഗവേഷ കേന്ദ്രം വികസിപ്പിച്ചെടുത്തതാണ് ‘കുഞ്ഞുകുഞ്ഞ് വർണ’. 105–--110 ദിവസംകൊണ്ട് വിളവെടുക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. മഴക്കുറവിനെ അതിജീവിക്കുന്നതും കാറ്റിലും മഴയിലും വീണുപോകാത്തതുമാണ്. ഹെക്ടറിന് 5.5 ടൺ വിളവ് ലഭിക്കും. അത്രതന്നെ തൂക്കം വൈക്കോലുംകിട്ടും.
വിരുപ്പ്, മുണ്ടകൻ, പുഞ്ച തുടങ്ങിയ എല്ലാ വിളകൾക്കും ഉപയോഗിക്കാം. പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിന് ആവശ്യമായ വിത്ത് നൽകിയശേഷം മറ്റ് കർഷകർക്കും ‘കുഞ്ഞുകുഞ്ഞ് വർണ’ നൽകാനാണ് തീരുമാനമെന്ന് പാടശേഖരസമിതി സെക്രട്ടറി കെ കണ്ണൻ, പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പനിക്കുളം എന്നിവർ അറിയിച്ചു.
കുത്തനൂരിലും മറ്റു പല പ്രദേശങ്ങളിലും ‘കുഞ്ഞുകുഞ്ഞ് വർണ’ ഉപയോഗിക്കാനുള്ള തീരുമാനത്തിലാണ് കർഷകർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..