26 December Thursday

പരീക്ഷയ്‌ക്ക്‌ അതീവ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020
പാലക്കാട്‌
എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ അതീവ ജാഗ്രതയിൽ നടത്താനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പുരോഗമിക്കുന്നു. സ്‌കൂളുകളിൽ അണുനശീകരണം നടത്തുന്നുണ്ട്‌‌. പരീക്ഷാകേന്ദ്രങ്ങൾ മാറ്റാൻ ഓൺലൈൻ അപേക്ഷ നൽകാനുള്ള സമയം വ്യാഴാഴ്‌ച അവസാനിച്ചു. ശനിയാഴ്‌ച പട്ടിക പ്രസിദ്ധീകരിക്കും. 
കണ്ടെയ്‌ന്റ്‌മെന്റ്‌ സോണിൽ ഉൾപ്പെടുന്ന മുതലമട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പരീക്ഷാകേന്ദ്രം കൊല്ലങ്കോട്‌ നെന്മേനി എസ്‌ എൻ പബ്ലിക്‌ സ്‌കൂളിലേക്ക്‌ മാറ്റി‌. എസ്‌എസ്‌എൽസിക്ക്‌ 199 പരീക്ഷാകേന്ദ്രങ്ങളും ഹയർ സെക്കൻഡറിക്ക്‌ 151 കേന്ദ്രങ്ങളുമാണുള്ളത്‌. എല്ലാ കേന്ദ്രങ്ങളിലും സാനിറ്റൈസർ, സോപ്പ്‌, വെള്ളം എന്നിവ സജ്ജമാക്കും. 
വിദ്യാർഥികളുടെ വീടുകളിൽ മാസ്‌ക് എത്തിക്കുന്ന നടപടി തുടരുന്നു‌. ബിആർസിയിലെ ജീവനക്കാർ‌ പഞ്ചായത്തംഗങ്ങളുടെയും വാർഡ്‌ കൗൺസിലർമാരുടെയും സഹായത്തോടെയാണ്‌ വീടുകളിൽ മാസ്‌ക്‌ എത്തിക്കുന്നത്‌. നാഷണൽ സർവീസ് സ്‌കീം, വിഎച്ച്എസ്ഇ, ബിആർസി എന്നീ വിഭാഗങ്ങളാണ് മാസ്‌ക്‌‌‌ തയ്യാറാക്കുന്നത്. ഒന്നര ലക്ഷത്തിലധികം മാസ്‌ക്‌‌ തയ്യാറാക്കി. 80,000 മാസ്‌ക്‌ എൻഎസ്‌എസ്‌ വളണ്ടിയർമാരാണ്‌ തയ്യാറാക്കിയത്‌.  
പരീക്ഷയ്‌ക്ക്‌ എത്താൻ വാഹനസൗകര്യമില്ലാത്ത വിദ്യാർഥികൾക്ക്‌ അതത്‌ സ്‌കൂളുകൾ വാഹനമൊരുക്കും. ഇതിനായി  കെഎസ്‌ആർടിസി–-സ്വകാര്യ ബസുകൾ, സ്വകാര്യവാഹനങ്ങൾ, സ്കൂൾബസ്‌ എന്നിവ ഉപയോഗിക്കും. മറ്റ്‌ ജില്ലകളിലേക്ക്‌ പോയ, പരീക്ഷാചുമതലയുള്ള അധ്യാപകരോട്‌ തിരിച്ചെത്താൻ നിർദേശം നൽകി‌. മടങ്ങിയെത്താൻ പറ്റാത്തവരുണ്ടെങ്കിൽ ഇവരുടെ സ്ഥാനത്ത്‌ എൽപി, യുപി അധ്യാപകരെ പരീക്ഷാജോലിക്ക്‌ നിയോഗിക്കാനാണ്‌‌ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഒരു ക്ലാസിൽ പരമാവധി 20പേരെ ഉണ്ടാവൂ. കൂടുതൽ ക്ലാസ്‌മുറികൾ ഉപയോഗിക്കേണ്ടതിനാൽ ജോലിയിൽ‌ കൂടുതൽ അധ്യാപകരെ നിയമിച്ചു‌. ജില്ലയിൽ 39,552 വിദ്യാർഥികളാണ്‌ 26, 27, 28 തീയതികളിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷയെഴുതുന്നത്‌. കണക്ക്‌, ഫിസിക്‌സ്‌, കെമിസ്‌ട്രി എന്നീ പരീക്ഷകളാണ്‌‌ ബാക്കിയുള്ളത്‌. പ്ലസ് വൺ, പ്ലസ്‌ടു പരീക്ഷകൾ എഴുതുന്നത്‌ 80,514പേരാണ്‌. 41,457പേർ ഒന്നാംവർഷവും 39,057പേർ രണ്ടാംവർഷത്തെയും പരീക്ഷയെഴുതും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top