23 December Monday
അട്ടപ്പാടി സൗരോർജ പദ്ധതി രണ്ടാംഘട്ടം ഒരുമാസത്തിനകം

സീറോ വൈദ്യുതി ബിൽ ലക്ഷ്യമിട്ട്‌ 
ജില്ലാ പഞ്ചായത്ത്‌

വേണു കെ ആലത്തൂർUpdated: Friday Aug 23, 2024

കോട്ടത്തറയിലെ സർക്കാർ ആടുഫാമിലെ സോളാർ പ്ലാന്റ്

 പാലക്കാട്‌

ജില്ലാ പഞ്ചായത്തിനുകീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലേക്കും ആവശ്യമായ വൈദ്യുതി സ്വന്തമായി ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ അതിവേഗം പൂർത്തിയാകുന്നു. ജില്ലാ പഞ്ചായത്ത്‌ അട്ടപ്പാടി കോട്ടത്തറയിലെ സർക്കാർ ആടുഫാമിൽ സ്ഥപിക്കുന്ന 450 കിലോവാട്ടിന്റെ സോളാർ പ്ലാന്റ്‌ രണ്ടാംഘട്ടം ഒരുമാസത്തിനകം പൂർത്തിയാകും. നിലവിൽ 500 കിലോവാട്ട്‌ ഉൽപ്പാദിപ്പിക്കുന്ന പ്രദേശത്താണ്‌ രണ്ടാംഘട്ടം ആരംഭിക്കുക. ഇതോടെ 950 കിലോവാട്ട്‌ സൗരോർജ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനമായി ജില്ലാ പഞ്ചായത്ത്‌ മാറും. നിലവിലുള്ള പദ്ധതിയിൽനിന്ന്‌ മാസം 60,000 യൂണിറ്റ്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുണ്ട്‌. വർഷം 30 ലക്ഷം രൂപ ഈയിനത്തിൽ ലഭിക്കും. നാല്‌ ആശുപത്രി, ജില്ലാ പഞ്ചായത്ത്‌ ഓഫീസ്‌ എന്നിവയിലെ വൈദ്യുതി ബില്ലിൽ നല്ലൊരു ശതമാനം ഇങ്ങനെ ലാഭിക്കാം. 
ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്‌ഇബിക്ക്‌ നേരിട്ട്‌ നൽകുകയാണ്‌ ചെയ്യുന്നത്‌. രാത്രി, പകൽ എന്നിങ്ങനെ രണ്ട്‌ താരിഫിലാണ്‌ കെഎസ്‌ഇബി വില നിശ്‌ചയിക്കുന്നത്‌. രണ്ടാംഘട്ടത്തിൽ കെഎസ്‌ഇബി, ഹൈദരാബാദിലെ അവഗ്നി സോളാർ കമ്പനി എന്നിവയുമായി സഹകരിച്ചാണ്‌ പാനലുകൾ സ്ഥാപിക്കുന്നത്‌. 2.47 കോടിരൂപയാണ്‌ ടെൻഡർ തുക. ട്രാൻസ്‌ഫോർമർ, അനുബന്ധ കെട്ടിടം എന്നിവയും ചേർത്ത്‌ 2.82 കോടി രൂപയാണ്‌ പദ്ധതിച്ചെലവ്‌. 
ജില്ലാ പഞ്ചായത്തിനുകീഴിലുള്ള 160ഓളം സ്‌കൂൾ, മറ്റ്‌ സ്ഥാപനങ്ങൾ എന്നിവയ്‌ക്കായി വർഷത്തിൽ രണ്ടുകോടിയോളം രൂപയാണ്‌ വൈദ്യുതി ബില്ലിനത്തിൽ നൽകുന്നത്‌. ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്‌കൂളുകൾക്കായി വർഷം 50 ലക്ഷം രൂപ പദ്ധതിവിഹിതം നീക്കിവയ്ക്കാറുണ്ട്‌. ബാക്കി തുക അതത്‌ പിടിഎകളാണ്‌ കണ്ടെത്തുന്നത്‌. പട്ടികവർഗ സ്‌കൂളുകളുടെ വൈദ്യുതി ബിൽ പൂർണമായും ജില്ലാ പഞ്ചായത്താണ്‌ വഹിക്കുന്നത്‌. 
കാറ്റാടികൾ സ്ഥാപിക്കും 
ശക്തമായി കാറ്റുവീശുന്ന കഞ്ചിക്കോട്‌, മുതലമട, അട്ടപ്പാടി എന്നിവിടങ്ങളിൽ വിൻഡ്‌ മിൽ സ്ഥാപിക്കാനുള്ള പദ്ധതിയും ജില്ലാ പഞ്ചായത്ത്‌ ആവിഷ്‌കരിക്കുന്നു. മൂന്ന്‌ മെഗാവാട്ട്‌ വൈദ്യുതി ലഭിച്ചാൽ ഘടകസ്ഥാപനങ്ങളുടെ വൈദ്യുതി ബിൽ പൂർണമായും ലാഭിക്കാം. 
ഒരു മെഗാവാട്ടിന്റെ മിനി ജലവൈദ്യുത പദ്ധതി പാലക്കയത്ത്‌ ഒരുവർഷത്തിനകം പൂർത്തിയാകും. മൂന്ന്‌ മെഗാവാട്ടിന്റെ മീൻവല്ലം ജലവൈദ്യുത പദ്ധതി പൂർണ തോതിൽ പ്രവർത്തനക്ഷമമാണ്‌. ഇവിടെനിന്നുള്ള വൈദ്യുതി കെഎസ്‌ഇബിക്ക്‌ വിൽക്കുകയാണ്‌. കമ്പനി രൂപീകരിച്ചാണ്‌ പ്രവർത്തനം. ഇത്‌ ലാഭത്തിലാണ്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top