പാലക്കാട്
നൂതന തൊഴിൽ മേഖലകളിലേക്ക് യുവാക്കളെ വാർത്തെടുക്കുന്ന അസാപ് (അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം) സ്കിൽ പാർക്കുകൾക്ക് പ്രിയമേറുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതിക്ക് യുവാക്കളിൽനിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
മാറുന്ന തൊഴിൽ വ്യവസ്ഥിതിക്കനുസരിച്ച് യുവാക്കളെ തൊഴിൽ സജ്ജരാക്കി, കാര്യക്ഷമത ഉറപ്പുവരുത്താനായി പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി ചേർന്നാണ് പാർക്കുകളുടെ പ്രവർത്തനം. പൊതു–-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ അന്തർദേശീയ നിലവാരമുള്ള കോഴ്‌സുകളിൽ പരിശീലനം ലഭ്യമാക്കുന്ന രീതിയിലാണ് കമ്യൂണിറ്റി സ്കിൽ പാർക്കുകളുടെ പ്രവർത്തനം. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ സഹായത്തോടെ 16 സ്‌കിൽ പാർക്കുകളാണ് അസാപ് ഒരുക്കുന്നത്. ജില്ലയിൽ നിലവിൽ ചാത്തന്നൂരിലും ലെക്കിടിയിലുമായി രണ്ട് പാർക്കുകൾ പ്രവർത്തനം തുടങ്ങി. ഒറ്റപ്പാലം ലെക്കിടി കിൻഫ്ര ഡിഫൻസ് പാർക്കിലാണ് സ്‌കിൽ പാർക്ക് നിർമിച്ചിട്ടുള്ളത്. 2019ലാണ് പാർക്ക് ആരംഭിച്ചത്.
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്‌മുറികളും, ലാബ് സൗകര്യങ്ങളും സ്‌കിൽ പാർക്കിന്റെ പ്രത്യേകതയാണ്. വിദ്യാർഥികൾക്കായി ലോക്കർ സൗകര്യമുള്ള ചെയിഞ്ചിങ് മുറികൾ, മീറ്റിങ് റൂമുകൾ, പ്രത്യേക സെർവർ റൂമോടുകൂടിയ ഐടി ലാബും ഒരുക്കിയിട്ടുണ്ട്.
ഭിന്നശേഷിക്കാർക്ക് സൗഹൃദപരമായ രീതിയിലാണ് സ്കിൽ പാർക്ക് നിർമിച്ചിട്ടുള്ളത്. ലിഫ്റ്റ്, ഭിന്നശേഷിക്കാർക്കായുള്ള ശുചിമുറി സൗകര്യം, കാഴ്ച പരിമിതിയുള്ളവർക്കായുള്ള ടൈലുകൾ എന്നിവയുമുണ്ട്.
ചാത്തന്നൂർ കമ്യൂണിറ്റി സ്‌കിൽ പാർക്ക്
ചാത്തന്നൂർ എൽപി സ്കൂളിന് സമീപമാണ് പാർക്ക്. ഇസാഫ് ഫൗണ്ടേഷനും കസ്റ്റമർ കെയർ, ഹോസ്പിറ്റാലിറ്റി, ബാങ്കിങ് ആൻഡ് ഫിനാൻസ് തുടങ്ങി വിവിധ മേഖലകളിൽ കോഴ്സുകൾ നടത്തുന്നു.
ഇവിടെയുള്ള കോഴ്സുകൾ
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്
ഡ്രോൺ ടെക്‌നോളജി
പരിശീലനം
ജ്വല്ലറി മേക്കിങ്.
ലെക്കിടി കമ്യൂണിറ്റി
സ്‌കിൽ പാർക്ക്
പ്ലാസ്റ്റിക് മോൾഡിങ്ങും ഹെവി മെഷീനുകൾ ഉൾപ്പെടെ പ്രവർത്തിപ്പിക്കാനുള്ള പരിശീലനമാണ് പാർക്കിൽ ഒരുക്കിയിരിക്കുന്നത്.
ഇവിടെയുള്ള കോഴ്സുകൾ
യോഗ ഇൻസ്ട്രക്ടർ
ബ്യൂട്ടി ആൻഡ് വെൽനസ്
കൺസൾട്ടന്റ്
സ്റ്റിൽ ഫോട്ടോഗ്രാഫർ
ഹാൻഡ്സെറ്റ് റിപ്പയർ
എൻജിനിയർ
മെഷീൻ ഓപ്പറേറ്റർ- ഇൻജക്ഷൻ മോൾഡിങ്
ജ്വല്ലറി മേക്കിങ്
മഷ്‌റൂം കൾട്ടിവേഷൻ
പ്ലാസ്റ്റിക് പ്രോസസിങ്
പ്ലാസ്റ്റിക് റീസൈക്ലിങ്
ദീർഘവീക്ഷണത്തോടെയുള്ള പദ്ധതി
കേരളത്തിനെ ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയായി മാറ്റാനുള്ള കേരള സർക്കാരിന്റെ ദീർഘവീക്ഷണം ഉൾക്കൊണ്ടാണ്, അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കുകൾ പ്രവർത്തിക്കുന്നത്. യുവജനങ്ങൾക്ക് ആധുനിക സാങ്കേതികവിദ്യകളിലടക്കം പരിശീലനം നൽകി, മാറുന്ന തൊഴിൽ മേഖലയിലേക്ക് സജ്ജരാക്കുകയാണ്. ചാത്തന്നൂർ സ്കിൽ പാർക്കിൽ നടക്കുന്ന ഡ്രോൺ പരിശീലനവും ലെക്കിടിയിൽ നടക്കുന്ന കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽ മേഖലയിലുള്ള കോഴ്സുകൾ ഉത്തമ ഉദാഹരണമാണ്.
പി ഷൈനി
അസോസിയേറ്റ് ഡയറക്ടർ
നോർത്ത് സോൺ, അസാപ്
കമ്യൂണിറ്റി സ്‌കിൽ പാർക്ക്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..