24 October Thursday

പറക്കും പറളി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

 പാലക്കാട്‌

ജില്ലാ സ്‌കൂൾ കായികോത്സവത്തിന്റെ രണ്ടാംദിനത്തിൽ കിരീടത്തിലേക്ക്‌ കുതിച്ചുപാഞ്ഞ്‌ പറളി ഉപജില്ല. എട്ട്‌ സ്വർണവും മൂന്ന്‌ വെള്ളിയും ആറ്‌ വെങ്കലവുമായി ആദ്യദിനം കളംനിറഞ്ഞ പറളി രണ്ടാംദിനത്തിൽ 10 സ്വർണവും ഏഴ്‌ വെള്ളിയും 10 വെങ്കലം ഉൾപ്പെടെ 136 പോയിന്റ്‌ നേടി. ആദ്യദിനം രണ്ടാംസ്ഥാനക്കാരായിരുന്ന പട്ടാമ്പിയെ അഞ്ചാം സ്ഥാനത്തേക്ക്‌ പിന്തള്ളി കൊല്ലങ്കോട്‌ ഉപജില്ല രണ്ടാംസ്ഥാനം പിടിച്ചെടുത്തു. ഏഴ്‌ സ്വർണവും എട്ട്‌ വെള്ളിയും നാല്‌ വെങ്കലവുമായി 63 പോയിന്റ്‌. ആറുവീതം സ്വർണവും വെള്ളിയും മൂന്ന്‌ വെങ്കലവും നേടി 51 പോയിന്റുമായി കുഴൽമന്ദം ഉപജില്ല മൂന്നാം സ്ഥാനത്തെത്തി. നാലാം സ്ഥാനത്തായിരുന്ന തൃത്താലയെ എട്ടിലേക്ക്‌ ചവിട്ടിത്താഴ്‌ത്തി പാലക്കാട്‌ നാലാം സ്ഥാനം പിടിച്ചെടുത്തു. മത്സരം രണ്ടുദിനംകൂടി ശേഷിക്കെ സ്ഥാനങ്ങൾ ഇനിയും മാറിമറിഞ്ഞേക്കാം. എങ്കിലും ബഹുദൂരം മുന്നിലുള്ള പറളിയെ പിടികൂടുക ആയാസമാകുമെന്ന്‌ ഉറപ്പാണ്‌. 
സ്‌കൂൾതലത്തിൽ പറളി എച്ച്‌എസ്‌ ഒന്നാംസ്ഥാനം വിട്ടുകൊടുത്തില്ല. 44ൽനിന്ന്‌ പോയിന്റുനില 80ലേക്ക്‌ ഉയർത്തി. രണ്ടും മൂന്നും സ്ഥാനങ്ങളിൽനിന്ന്‌ ചാലിശേരി ജിഎച്ച്‌എസ്‌എസും കോങ്ങാട്‌ കെപിആർപിഎച്ച്‌എസും പിന്നിലേക്ക്‌ പോയി. മുണ്ടൂർ എച്ച്‌എസ്‌എസ്‌ രണ്ടും കോട്ടായി എച്ച്‌എസ്‌എസ്‌ മൂന്നും സ്ഥാനങ്ങൾ പിടിച്ചെടുത്തു. പാലക്കാട്‌ ബിഇഎം എച്ച്‌എസ്‌എസാണ്‌ നാലാംസ്ഥാനത്ത്‌.
ജില്ലാ സ്‌കൂൾ കായികമേള ഒളിമ്പ്യൻ ടിന്റു ലൂക്ക ഉദ്‌ഘാടനം ചെയ്‌തു. വിദ്യാഭ്യാസ ഉപഡയറക്‌ടർ പി സുനിജ അധ്യക്ഷയായി. ജിജി ജോസഫ്‌, പി ശശിധരൻ, ഉഷ മാനാട്ട്‌, അജിത വിശ്വനാഥ്‌, രമേശ്‌ പാറപ്പുറത്ത്‌, എം ആർ മഹേഷ്‌കുമാർ, കെ സുമേഷ്‌കുമാർ, എ സതീഷ്‌കുമാർ എന്നിവർ സംസാരിച്ചു. വിജയികൾക്ക്‌ ടിന്റു ലൂക്ക മെഡലുകൾ സമ്മാനിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top