24 October Thursday

‘‘ഫസ്റ്റാകും
ജയിക്കും’’

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിൻ പിരായിരി അയ്യപ്പൻകാവ് പരിസരത്ത് 
പച്ചക്കറി വിൽക്കുന്ന രാജമ്മയുമായി സംസാരിക്കുന്നു

 പാലക്കാട്‌

രാവിലെ ഒമ്പത്‌–- പിരായിരി അയ്യപ്പൻകാവിലെ സജീവമാകുന്ന നിരത്തിലൂടെ എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. പി സരിൻ വോട്ടർമാരിലേക്ക്‌. റോഡരികിൽ നിരത്തിയ പച്ചക്കറി തട്ടിനു പുറകിൽനിന്ന്‌ ഒരു നിറചിരി സ്ഥാനാർഥിയെ തേടിയെത്തി. ‘‘ഫസ്റ്റ്‌ വരും. ജയിക്കും’’–- നീട്ടിയ കൈകൾ ചേർത്തുപിടിച്ച്‌ രാജമ്മച്ചേച്ചി ഉറപ്പുനൽകി. മാറുന്ന പാലക്കാടിന്റെ സാക്ഷ്യമായി അതേ പവറുള്ള ചിരി പലമുഖങ്ങളിൽ നിറഞ്ഞു.
     ചൊവ്വാഴ്ച പിരായിരി പഞ്ചായത്തിലായിരുന്നു ഡോ. പി സരിന്റെ പര്യടനം. സ്ഥാപനങ്ങൾ കയറിയും പ്രധാന കവലകൾ കേന്ദ്രീകരിച്ചും വീട്ടിലെത്തിയും വോട്ടർമാരെ കണ്ടു. ഇന്ദിരാനഗറിൽ തുടക്കം. തരവത്ത്‌പടിയിലെ ചായക്കടയിൽനിന്ന്‌ പൊന്നുമണിയുടെ സ്‌നേഹം ചായക്കുള്ള ക്ഷണമായെത്തി. ലൈഫ്‌ കെയർ ലാബിലെത്തിയപ്പോൾ ഡോക്ടറുടെ കുശലാന്വേഷണം ടെസ്‌റ്റുകളെക്കുറിച്ചും മെഷീനുകളെക്കുറിച്ചും. വഴിയിൽ കണ്ട വിദ്യാർഥിയോട്‌ സംസാരം പഠനത്തെക്കുറിച്ചും കോഴ്‌സുകളെക്കുറിച്ചും. വിശേഷങ്ങൾ ചോദിച്ചറിഞ്ഞും വോട്ടുചോദിച്ചും അടുത്ത കേന്ദ്രത്തിലേക്ക്‌.
കൊടുന്തിരപ്പുള്ളിയിൽ എത്തിയപ്പോൾ പട്ടാമ്പി എംഎൽഎ മുഹമ്മദ്‌ മുഹസിനും സ്ഥാനാർഥിക്കൊപ്പം ചേർന്നു. പിരായിരി പഞ്ചായത്ത്‌ ഓഫീസിൽനിന്ന്‌ ഇറങ്ങി വരുംവഴി അരികിലെത്തി 75 വയസ്സുകാരൻ മുഹമ്മദ്‌ സാലി. ഒരു കൈ വാക്കിങ് സ്റ്റിക്കിലൂന്നി മറുകൈകൊണ്ട്‌ സ്ഥാനാർഥിക്ക്‌ നേർന്നു ഹൃദയംനിറഞ്ഞ വിജയാശംസ. 
കവലയിൽ കാത്തുനിന്ന ചുമട്ടുതൊഴിലാളികൾ പ്രിയ സാരഥിയെ സ്വീകരിച്ചു. കല്ലേക്കാട്‌, കുറിശാംകുളം, രണ്ടാം മൈൽ, മേപ്പറമ്പ്‌ തുടങ്ങിയ സ്ഥലങ്ങളിലുമെത്തി വോട്ടർമാരെ കണ്ടു. ലെൻസ്‌ഫെഡ്‌ ഏരിയ കൺവൻഷനിലും പങ്കെടുത്തു. ബിസിനസ്‌ നെറ്റ്‌വർക്കിങ് ഇന്റർനാഷണൽ  പ്രവർത്തകരുമായും സംവദിച്ചു. 
സിപിഐ എം  ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു, എൽഡിഎഫ്‌ മണ്ഡലം സെക്രട്ടറി കെ കൃഷ്ണൻകുട്ടി, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി കെ നൗഷാദ്, എം ഹംസ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ ആർ ജയദേവൻ, ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി പി പ്രമോദ്, ജില്ലാ പഞ്ചായത്ത് അംഗം എം എച്ച് സഫ്ദർ ഷെരീഫ്, ആർജെഡി നേതാവ്‌ കെ ബഷീർ, സിപിഐ ലോക്കൽ സെക്രട്ടറി കെ ഭാസ്‌കരൻ എന്നിവർ ഒപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top