23 November Saturday

ജില്ലാ സ്‌കൂൾ കലോത്സവം 25 മുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024
പാലക്കാട്‌
നിറഭേദങ്ങളുടെ കൗമാര കലാമേളയായ ജില്ലാ സ്‌കൂൾ കലോത്സവത്തിന്‌ തിങ്കളാഴ്‌ച ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിൽ തിരിതെളിയും. 29 വരെയാണ്‌ കലോത്സവം. 13 പ്രധാനവേദികളും നാല്‌ ക്ലാസ്‌റൂമിലുമായാണ്‌ മത്സരങ്ങൾ. 12 ഉപജില്ലയിൽനിന്നായി പതിനായിരത്തിലധികം കലാപ്രതിഭകൾ 343 ഇനങ്ങളിൽ മത്സരിക്കും. രജിസ്ട്രേഷൻ ഞായർ രാവിലെ 9.30 മുതൽ 12 വരെ സ്കൂളിൽ നടക്കും. 
ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂൾ, പെരുമാങ്ങോട് എഎൽപി സ്കൂൾ, ശ്രീകൃഷ്ണപുരം എയുപി സ്കൂൾ, ശ്രീകൃഷ്ണപുരം കമ്യൂണിറ്റി ഹാൾ, ബാപ്പുജി പാർക്ക്, സംഗീത ശിൽപ്പം ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ്‌ വേദികൾ. തിങ്കൾ രാവിലെ ഒമ്പതിന് വിദ്യാഭ്യാസ ഉപഡയറക്ടർ പി സുനിജ പതാക ഉയർത്തും. 26ന്‌ വൈകിട്ട്‌ നാലിന്‌ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. സിനിമാതാരം രചന നാരായണൻകുട്ടി മുഖ്യാതിഥിയാകും. സമാപന സമ്മേളനം മന്ത്രി കെ കൃഷ്‌ണൻകുട്ടി ഉദ്‌ഘാടനം ചെയ്യും. പ്രധാനവേദികൾ നാലും ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിലാണ് സജ്ജമാക്കിയിട്ടുള്ളത്. 
കിന്നര, ഏക് താര, ജലങ്ക, മിധുവ, മഞ്ജീര, ഡമരു, ജാലറൈ, പെരുംപറൈ, ദവിൽ, ബൻസി, തമ്പോല, നഗാര, ഗാധിക, നന്തുണി, തുടി, സന്താളി,  മുരുസു എന്നിങ്ങനെ ഗോത്രവാദ്യങ്ങളുടെയും ഉത്സവങ്ങളുടെയും പേരുകളാണ്‌ വേദികൾക്ക്‌. മീഡിയ സെന്റർ, വിക്ടറി പോയിന്റ്, ട്രോഫി പവിലിയൻ, പ്രഥമശുശ്രൂഷാ കേന്ദ്രം, ആംബുലൻസ്, കൗൺസലിങ്‌ കേന്ദ്രം എന്നിവയും പ്രധാന വേദിക്കുസമീപം പ്രവർത്തിക്കും. ദേവപദം ഓഡിറ്റോറിയത്തിലാണ് ഭക്ഷണശാല പ്രവർത്തിക്കുക. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ളതാണ് ഇത്തവണ കലോത്സവം.
പാർക്കിങ്‌ ക്രമീകരണം
ശ്രീകൃഷ്ണപുരം–-മുറിയങ്കണ്ണി റോഡിൽ ഉത്രത്തിൽക്കാവ് അമ്പലപ്പറമ്പിലാണ് വലിയ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്. മണ്ണാർക്കാട് റോഡിൽ ശ്രീകൃഷ്ണപുരം പഞ്ചായത്ത് ഗ്രൗണ്ടിലും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 
വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ജനറൽ കൺവീനർ പി സുനിജ, എൻ സാദത്ത് ഷമീൽ. എം ആർ മഹേഷ്‌കുമാർ എം എൻ വിനോദ്, ഷാജി തെക്കേതിൽ, ഷൗക്കത്തലി, എൻ സതീഷ് മോൻ, സി രണദിവെ, എൻ പി പ്രിയേഷ്, കെ എം ശ്രീധരൻ, പി തൃദീപ്കുമാർ ദാസ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top