23 November Saturday
നഗരത്തിലെ തിരക്കേറിയ സുൽത്താൻപേട്ട–-സ്റ്റേഡിയം റോഡിലും 
വിക്‌ടോറിയ കോളേജ്‌–-താരേക്കാട്‌ റോഡിലുമെല്ലാം ചീറിപ്പായുകയാണ്‌ സ്വകാര്യബസുകൾ

എങ്ങോട്ടാണ്‌ ഈ മരണപ്പാച്ചിൽ

സ്വന്തം ലേഖകൻUpdated: Saturday Nov 23, 2024

നഗരത്തിലെ തിരക്കേറിയ സുൽത്താൻപേട്ട സ്റ്റേഡിയം റോഡ്

പാലക്കാട്
കാൽനടയാത്രക്കാരെയും ഇരുചക്രവാഹനയാത്രക്കാരെയും ഭീതിയിലാക്കി നഗരറോഡുകളിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ. തിരക്കേറിയ റോഡുകളിൽ സുരക്ഷിതമായ നടപ്പാതകളില്ലാത്തത്‌ കാൽനടയാത്രക്കാർക്ക്‌ ഭീഷണിയാണ്‌. 
നഗരത്തിലെ തിരക്കേറിയ സുൽത്താൻപേട്ട–-സ്റ്റേഡിയം റോഡിലും വിക്‌ടോറിയ കോളേജ്‌–-താരേക്കാട്‌ റോഡിലുമെല്ലാം ചീറിപ്പായുകയാണ്‌ സ്വകാര്യബസുകൾ. തിരക്കേറിയ റോഡിനിരുവശത്തും അനധികൃത പാർക്കിങ്ങുമുണ്ട്‌. നടപ്പാതകൾ വാഹനങ്ങൾ കൈയേറിയതോടെ റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ്‌. തകർന്ന നടപ്പാതകളിലൂടെയുള്ള യാത്രയും അപകടക്കെണിയാണ്‌. തകർന്ന സ്ലാബുകൾപോലും മാറ്റിയിടാൻ നഗരസഭാ അധികൃതർ തയ്യാറായിട്ടില്ല. ഹെഡ്പോസ്റ്റ് ഓഫീസ് റോഡിൽനിന്ന്‌ വരുന്ന വാഹനങ്ങൾക്ക് സുൽത്താൻപേട്ട ജങ്‌ഷനിൽ റെഡ് സിഗ്നൽ ഇല്ലാത്തതും ഇവിടെ ലെഫ്റ്റ് ഫ്രീ ആക്കിയതും ബസുകളുടെ അമിതവേഗത്തിന്‌ കാരണമാണ്‌. ജിബി റോഡിൽനിന്നും സ്റ്റേഡിയം റോഡിൽനിന്നും വരുന്ന കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻപോലും കഴിയുന്നില്ല. എച്ച്പിഒ റോഡിൽനിന്ന് കോർട്ട് റോഡിലേക്ക് വാഹനങ്ങൾക്ക് നേരിട്ട് പ്രവേശനമില്ലാത്തതിനാൽ ഇരുചക്രവാഹനങ്ങൾ സ്റ്റേഡിയം റോഡിലേക്ക് തിരിഞ്ഞയുടനെ യൂടേൺ അടിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. നടപ്പാതകളിൽ ബാരിക്കേഡുകളുമില്ല. 
സുൽത്താൻപേട്ട ജങ്‌ഷനിലെ സിഗ്നൽ സംവിധാനം പൂർവസ്ഥിതിയിലാക്കണമെന്നും ഇവിടെ നടപ്പാതകൾ നവീകരിച്ച് ബാരിക്കേഡുകൾ സ്ഥാപിച്ച്‌ കാൽനടയാത്ര സുരക്ഷിതമാക്കണമെന്നുമാണ്‌ നാട്ടുകാരുടെ ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top