24 November Sunday
പട്ടാമ്പിയിലെ യുഡിഎഫ്‌ സമരം

ജനങ്ങളോടുള്ള വെല്ലുവിളി: എൽഡിഎഫ്‌

സ്വന്തം ലേഖകൻUpdated: Saturday Aug 24, 2024
പട്ടാമ്പി
പട്ടാമ്പി പാലത്തിന്റെ കൈവരികളുടെ പേരിൽ നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടാക്കി സമരം നടത്തുന്ന യുഡിഎഫ്‌ ജനങ്ങളോട്‌ മാപ്പുപറയണമെന്ന്‌ എൽഡിഎഫ്‌ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തിരക്കേറിയ പട്ടാമ്പി ടൗണിൽ മണിക്കൂറുകളോളം യാത്രക്കാരെ തടഞ്ഞ്‌ യുഡിഎഫ് ജനങ്ങളെ വെല്ലുവിളിക്കുകയാണ്‌. 
പാലത്തിന്റെ കൈവരികൾ നിർമിക്കാനുള്ള നടപടികൾ സർക്കാർ പൂർത്തിയാക്കി. പ്രവൃത്തി കരാറുകാരനെ ഏൽപ്പിച്ചു. ഉടൻ നിർമാണം ആരംഭിക്കാനിരിക്കെയാണ്‌ യുഡിഎഫിന്റെയും കേൺഗ്രസിന്റെയും സമര പ്രഹസനം.  
പട്ടാമ്പി മണ്ഡലത്തിലെ യുഡിഎഫ് ഒരുപാട് പ്രശ്‌നങ്ങളുടെ നടുവിലാണ്. ഗ്രൂപ്പ് വഴക്ക് അതിന്റെ എല്ലാ സീമകളും ലംഘിച്ചു.  മണ്ഡലത്തിന് പുറത്തുനിന്നുള്ള നേതാക്കളാണ് അവരെ നിയന്ത്രിക്കുന്നത്. ആദ്യ ദിവസത്തെ സമരത്തിനുശേഷം കോൺഗ്രസ് ഓഫീസിനു മുന്നിൽ പ്രവാസി സംസ്ഥാന നേതാവിനെ യൂത്ത് കോൺഗ്രസ് നേതാവ് മർദിച്ചു. എന്നാൽ ഇത് സമരത്തിനിടെ പൊലീസ് മർദിച്ചുവെന്ന്‌ വരുത്തി തീർക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. അടിയേറ്റ നേതാവ് പിന്നീട് പട്ടാമ്പി പൊലീസിൽ പരാതി നൽകിയപ്പോഴാണ് വസ്തുത ജനമറിയുന്നത്.  വളാഞ്ചേരി കെഎസ്എഫ്ഇ ബ്രാഞ്ചിൽ തിരുവേഗപ്പുറ വിളത്തൂർ സ്വദേശികളായ യൂത്ത് ലീഗ് നേതാക്കൾ മുക്കുപണ്ടം പണയപ്പെടുത്തി കോടികൾ തട്ടിയെടുത്ത സംഭവവും ഉണ്ടായി. ഇതിന് ലീഗ് നേതൃത്വം മറുപടി പറയണമെന്നും നോതാക്കൾ ആവശ്യപ്പെട്ടു. 
യുഡിഎഫിന്റെ ഇത്തരം സമീപനത്തിനെതിരെ പട്ടാമ്പിയിൽ പ്രതിഷേധ സംഗമങ്ങൾ നടത്തും. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വസ്തുത തുറന്നുകാട്ടി തിരുവേഗപ്പുറയിലും സംഗമം നടത്തും. 27ന് പട്ടാമ്പിയിൽ കൽപ്പക സ്ട്രീറ്റ്, മേലെ പട്ടാമ്പി, ബസ്റ്റാഡ് പരിസരം എന്നീ മൂന്നു കേന്ദ്രങ്ങളിലും 29ന് കൊപ്പം സെന്ററിലും സെപ്തംബർ ഒന്നിന്‌ തിരുവേഗപ്പുറയിലുമാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുക. വാർത്താസമ്മേളനത്തിൽ നേതാക്കളായ ടി ഗോപാലകൃഷ്ണൻ, പി സുന്ദരൻ, കെ പരമേശ്വരൻ, അഷറഫലി വല്ലപ്പുഴ, കെ പി അബ്ദുറഹ്‌മാൻ, എം എൻ കരുണാകാരൻ, അനൂപ് വല്ലപ്പുഴ എന്നിവർ പങ്കെടുത്തു.
ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്‌: ഡിവൈഎഫ്‌ഐ
പട്ടാമ്പി
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന നഗരത്തെ സമരത്തിന്റെ പേരിൽ കൂടുതൽ കുരുക്കിലേക്ക് തള്ളിവിടുകയാണ് കോൺഗ്രസും യുഡിഎഫും ചെയ്യുന്നതെന്ന്‌ ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യൂത്ത്‌ കോൺഗ്രസും യുഡിഎഫും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്‌.  
ദുരന്തത്തെ രാഷ്‌ട്രീയ അവസരമാക്കാനാണ് അവരുടെ ശ്രമം. ഇത്‌ അനുവദിക്കാനാവില്ല. വസ്തുതകൾ തിരിച്ചറിഞ്ഞ് ഗതാഗതപ്രശ്നം പരിഹരിക്കാൻ ജനങ്ങൾ സഹകരിക്കണമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എം എൻ സുധീപ്, സെക്രട്ടറി എ എൻ നീരജ്, ട്രഷറർ പി ആർ രജീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top