20 December Friday

അഞ്ചിൽനിന്ന്‌ ആയിരങ്ങളിലേക്ക്‌ എത്തുമ്പോൾ അഭിമാനം

ബിമൽ പേരയംUpdated: Tuesday Sep 24, 2024

ഇയ്യങ്കോട് ശ്രീധരൻ കൊല്ലങ്കോട്ടെ വീട്ടിൽ ദേശാഭിമാനി വായനയിൽ

പാലക്കാട്‌
അടിയന്തരാവസ്ഥക്കാലത്ത്‌ ദേശാഭിമാനിക്കയച്ച ഇയ്യങ്കോടിന്റെ കവിത പിടിച്ചെടുത്ത്‌ പ്രസിദ്ധീകരണം തടഞ്ഞു. അതിനെതിരെ 1977 ജനുവരി 29ന്‌ ദേശാഭിമാനി മുഖപ്രസംഗം എഴുതി. വലതുപക്ഷ മാധ്യമങ്ങൾ സിപിഐ എമ്മിനെതിരെ നുണ പ്രചരിപ്പിക്കുമ്പോൾ അതിനെ ചെറുക്കുന്ന ദേശാഭിമാനിയെ വളർത്തിയതിന്റെ  ഫ്ലാഷ്‌ബാക്കിലേക്ക്‌ മടങ്ങുകയാണ്‌ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ഇയ്യങ്കോട്‌ ശ്രീധരൻ. 
കണ്ണൂരിലെ കല്യാശേരിയിൽനിന്ന്‌ 1961ൽ കൊല്ലങ്കോട്‌ രാജാസ്‌ ഹൈസ്‌കൂളിൽ കഥകളിച്ചമയം അധ്യാപകനായാണ്‌ പാലക്കാട്ട്‌ എത്തുന്നത്‌. അധ്യാപകൻ എന്നതിലുപരി സാമൂഹ്യ–- സാംസ്‌കാരിക–- രാഷ്‌ട്രീയ മേഖലകളിൽ സജീവമായിരുന്ന കാലംകൂടിയായിരുന്നു അത്‌. 
ദേശാഭിമാനിക്ക്‌ വരിക്കാരായി ഇയ്യങ്കോട്‌ ഉൾപ്പെടെ അഞ്ചുപേർ മാത്രം. ഏജന്റിന്റെ നിർബന്ധബുദ്ധിയിൽ മറ്റൊരു പത്രംകൂടി എടുത്താൽ മാത്രമേ ദേശാഭിമാനിയും വീട്ടിലിടുമായിരുന്നുള്ളൂ. 
അഞ്ചിൽനിന്ന്‌ കൊല്ലങ്കോട്‌ ഏരിയയിൽമാത്രം ആയിരങ്ങളിലേക്ക്‌ ഇന്ന്‌ വരിക്കാരുടെ എണ്ണം ഉയർന്നപ്പോൾ സന്തോഷമുണ്ട്‌. 1968–-69ൽ സംഘടിതമായി പത്രം ചേർക്കാൻ പാർടി തീരുമാനിച്ചതിന്റെ ഭാഗമായി വി വി ദക്ഷിണാമൂർത്തിയും ഐ വി ദാസുമെത്തി. അധ്യാപകസംഘടനകളുടെ സമരവും തുടർവാർത്തകളും പ്രചാരണം വർധിപ്പിച്ചു. കെ എ കേരളീയന്റെ ശിഷ്യൻ പയ്യന്നൂരുകാരനായ നമ്പീശനാണ്‌ കർഷകരിൽനിന്ന്‌ വരിസംഖ്യ പിരിക്കാനായി എത്തിയിരുന്നത്‌. 
1970ൽ ഏലംകുളത്ത്‌ ചേർന്ന ദേശാഭിമാനി സ്‌റ്റഡി സർക്കിൾ രൂപീകരണത്തിന്റെ ആദ്യ ആലോചനായോഗത്തിൽ ഇയ്യങ്കോടും ഉണ്ടായിരുന്നു. 1978ൽ തിരൂരിൽ ചേർന്ന സ്‌റ്റഡി സർക്കിൾ മേഖലാസമ്മേളനത്തിൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പിന്നാലെ ഗ്രാമഗ്രാമാന്തരങ്ങളിൽ ചെന്ന്‌ ക്ലാസെടുക്കുകയും വരിക്കാരെ ചേർക്കുകയും ചെയ്‌തു.
ദേശാഭിമാനി വാരികയുടെ ആദ്യലക്കം പുറത്തിറങ്ങുമ്പോൾ ഇയ്യങ്കോട് രചിച്ച ‘എന്റെ പാട്ട്‌’ ആദ്യ കവിതയായി പ്രസിദ്ധീകരിച്ചിരുന്നു. ഇന്നും ദേശാഭിമാനിയുടെ നല്ല വായനക്കാരനാണ്‌. വാർത്തകളുടെ അഭിപ്രായം പങ്കിടുകയും ചെയ്യുന്നുണ്ട്‌. പ്രാദേശികവും സാംസ്‌കാരികവുമായിട്ടുള്ള ചലനങ്ങൾ കൂടുതൽ വാർത്തകളായി മാറണമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top