25 December Wednesday

കേരളത്തിൽനിന്നുള്ള വിനോദ 
സഞ്ചാരികൾക്ക്‌ ലക്ഷദ്വീപിൽ വിലക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024

 

പാലക്കാട്‌
കേരളത്തിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക്‌ അനുമതി നൽകാതെ വൈകിപ്പിച്ച്‌ ലക്ഷദ്വീപ്‌ ലഫ്‌റ്റണന്റ്‌ ഗവർണർ. ഇതോടെ വിമാന ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തവർക്ക്‌ അത്‌ റദ്ദാക്കേണ്ടി വരുന്നതോടെ വൻ സാമ്പത്തിക നഷ്ടവുമുണ്ടാകുന്നു. ലക്ഷദ്വീപിന്റെ പ്രധാന വരുമാന മാർഗമാണ്‌ ടൂറിസം. അത്‌ ഇല്ലാതാക്കി ദ്വീപ്‌ നിവാസികളുടെ ജീവിതം ദുഃസഹമാക്കാനുള്ള ഗൂഢനീക്കമാണ്‌ ബിജെപി അഡ്‌മിനിസ്‌ട്രേറ്റർ നടത്തുന്നതെന്നും ആരോപണമുണ്ട്‌.
ചിറ്റൂർ താലൂക്ക്‌ ടൂറിസം കോ–-ഓപ്പറേറ്റീവ്‌ സൊസൈറ്റി ആൻഡ്‌ റിസർച്ച്‌ സെന്റർ ഡിസംബർ ഒന്നിനും ഒമ്പതിനും രണ്ട്‌ ഘട്ടമായി 30 പേരെ ലക്ഷദ്വീപിലേക്ക്‌ വിനോദയാത്ര കൊണ്ടുപോകാൻ തയ്യാറെടുത്തിരുന്നു. അലയൻസ്‌ വിമാനത്തിൽ അഗത്തിയിലേക്ക്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തു. എന്നാൽ നിരവധി തവണ കത്തിലൂടെയും ഇ–-മെയിൽ വഴിയും അനുമതിക്ക്‌ അപേക്ഷിച്ചെങ്കിലും നൽകിയില്ല. ടൂറിസം വകുപ്പ്‌ ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച്‌ ഓഫ്‌ ചെയ്യുന്നതായും സൊസൈറ്റി  ഭാരവാഹികൾ പറഞ്ഞു. അനുമതി കിട്ടിയില്ലെങ്കിൽ ടിക്കറ്റ്‌ റദ്ദാക്കേണ്ടിവരും. ഒരു ടിക്കറ്റിന്‌ 11,200 രൂപയാണ്‌ നിരക്ക്‌. റദ്ദാക്കിയാൽ ഒന്നിന്‌ 7,000 രൂപ  വീതം നഷ്ടമാകും. ഇതോടെ സൈാസൈറ്റിക്ക്‌ രണ്ട്‌ ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാകും.  ലക്ഷദ്വീപിലെ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനും അവിടത്തെ വികസനത്തിനും വിമാനത്താവളം ഉപയോഗിക്കേണ്ടതിനാൽ വിനോദ സഞ്ചാരികൾക്ക്‌ അനുമതി നൽകാൻ കഴിയില്ലെന്ന്‌ അധികൃതർ  അനൗദ്യോഗികമായി അറിയിച്ചതായി ടൂർ ഓപ്പറേറ്റർമാർ പറയുന്നു.  വിനോദയാത്ര സംഘത്തിന്‌ അനുമതി നൽകണമെന്നാവശ്യപ്പെട്ട്‌ കെ രാധാകൃഷ്‌ണൻ എംപി ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്‌  കത്തയച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top