ചിറ്റൂർ
യുവാവിനെ വീടിനുസമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടകരപ്പതി കോഴിപ്പാറ തോമ്മയാർകളം വണ്ടാളിക്കാരൻ വീട്ടിൽ മാർട്ടിൻ അന്തോണി സ്വാമിയുടെ(43)മരണത്തിൽ വടകരപ്പതി കോഴിപ്പാറ കണക്കൻ വീട്ടിൽ എ സിൽവൈ മുത്തുവിനെ(സ്വാമിക്കണ്ണ്–- 52) കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. നവംബർ 11നാണ് അന്തോണിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി അച്ഛൻ മദലമുത്തു പരാതി നൽകിയിരുന്നു.
പൊലീസ് പറയുന്നത് ഇങ്ങനെ: പത്താം തീയതി വൈകിട്ട് അഞ്ചിന് മാർട്ടിൻ അന്തോണി സ്വാമിയും സിൽവൈ മുത്തുവും കോഴിപ്പാറയ്ക്ക് സമീപമുള്ള കുളക്കരയിൽ മദ്യപിക്കുന്നത് സമീപവാസികൾ കണ്ടിരുന്നു. എന്നാൽ, പിന്നീട് അന്തോണിയെ കാണാതായി. സുഹൃത്തിനോട് തിരക്കിയപ്പോൾ കണ്ടില്ലെന്നാണ് പറഞ്ഞത്. മരണാനന്തര ചടങ്ങിലും പങ്കെടുത്തിരുന്നില്ല. ഇത് സംശയത്തിന് ഇടയാക്കി. ഒപ്പം മൃതദേഹത്തിൽ നെഞ്ചിനേറ്റ ചതവ് സംശയം ബലപ്പെടുത്തി. മദ്യപിക്കുന്നതിനിടെ മാർട്ടിനുമായി അടിപിടി നടന്നിരുന്നുവെന്ന് ഇയാൾ പറഞ്ഞതാണ് വഴിത്തിരിവായത്. സിൽവൈ മുത്തുവുമായി ശനിയാഴ്ച പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. കുളക്കരയിലിരുന്ന് മദ്യപിക്കുമ്പോൾ വഴക്കുണ്ടായെന്നും മൽപ്പിടിത്തത്തിനിടെ മാർട്ടിനെ കുളത്തിൽ തള്ളിയിട്ടെന്നും സിൽവൈ മുത്തുമൊഴി നൽകി.
തള്ളിയിട്ടപ്പോൾ കുളത്തിലെ കല്ലിൽ നെഞ്ചിടിച്ച് വീണതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക് വിദഗ്ധൻ പി പി ആനന്ദ്, വിരലടയാള വിദഗ്ധൻ ആർ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും പരിശോധന നടത്തി.
കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർ എം ആർ അരുൺകുമാർ, എസ്ഐ ബി പ്രമോദ്, ഗ്രേഡ് എസ്ഐമാരായ എം മുഹമ്മദ് റാഫി, ബി വിജയചന്ദ്രൻ, ഡബ്ല്യൂഎസ്‌സിപിഒ എൻ സുമതി, എസ്‌സിപിഒമാരായ ആർ രതീഷ്, എച്ച് ഷിയാവുദ്ദീൻ, സി രവീഷ്, എം കലാധരൻ, സിപിഒ എ റിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സിൽവൈ മുത്തുവിനെ റിമാൻഡ് ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..