പാലക്കാട്
പറമ്പിക്കുളം കടുവാസങ്കേതത്തിൽനിന്ന് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. രണ്ടാം പ്രതി തിരുവണ്ണാമലൈ സ്വദേശി അണ്ണാമലൈ, മൂന്നാം പ്രതി മേട്ടുകൊള്ളെ സ്വദേശി അരുൾ എന്നിവരാണ് അറസ്റ്റിലായത്. സുങ്കം റേഞ്ചിലെ ഇലത്തോട് സെക്‌ഷൻ പരിധിയിലാണ് നാല് ചന്ദനമരങ്ങൾ മുറിച്ചത്. ഉദ്യോഗസ്ഥരുടെ ഫീൽഡ് പരിശോധനയിലാണ് മരം മുറിച്ചതായി കണ്ടെത്തിയത്. കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണത്തിനിടെ രാത്രി നടത്തിയ പരിശോധനയിൽ കുറച്ചുപേർ ചന്ദനം കടത്തിക്കൊണ്ടുപോകുന്നത് തടഞ്ഞെങ്കിലും പ്രതികൾ ഓടിരക്ഷപ്പെട്ടു. കേസിലെ ഒന്നാംപ്രതി കുമാറിനെ കഴിഞ്ഞമാസം 23ന് അറസ്റ്റുചെയ്‌തിരുന്നു. നാലാം പ്രതി പുതൂർ സ്വദേശി തിരുപ്പതി ഒളിവിലാണ്.
ചിറ്റൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ ഡിസംബർ ആറുവരെ റിമാൻഡ് ചെയ്‌തു. പറമ്പിക്കുളം കടുവാസങ്കേതം ഡെപ്യൂട്ടി ഡയറക്ടർ ആർ സുജിത്തിന്റെ നിർദേശത്തിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി അജയന്റെ നേതൃത്വത്തിൽ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എം കൃഷ്ണകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എസ് സുനീഷ്, എസ് നാസർ, എച്ച് മനു, അനിൽ, ആന്റി പോച്ചിങ് വാച്ചർമാരായ തങ്കുസ്വാമി, രഘു, ദേവദാസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റുചെയ്‌തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..