വടക്കഞ്ചേരി
വടക്കഞ്ചേരി ദേശീയപാതയിൽ ലോറിയും കന്നുകാലികളെയും തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കിഴക്കഞ്ചേരി ചീരക്കുഴി സ്വദേശികളായ ഷമീർ (35), ഷജീർ (31) എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കഞ്ചേരി റോയൽ ജങ്‌ഷന് സമീപം ചൊവ്വ പുലർച്ചെയാണ് സംഭവം. ആന്ധ്രപ്രദേശിൽനിന്ന് കോട്ടയത്തേക്ക് ലോറിയിൽ കൊണ്ടുപോകുകയായിരുന്ന 50 പോത്തുകുട്ടികളെയും 27 കാളക്കുട്ടികളെയുമാണ് ലോറിക്കൊപ്പം തട്ടിയെടുത്തത്. കാറിലും ജീപ്പിലും ബൈക്കുകളിലുമായെത്തിയ സംഘം ലോറി ഡ്രൈവറെയും കൂടെയുണ്ടായിരുന്ന മറ്റ് മൂന്നുപേരെയും കത്തികാട്ടി ഭീഷണിപ്പെടുത്തി ലോറി തട്ടിയെടുക്കുകയായിരുന്നു. കന്നുകാലികളെ കിഴക്കഞ്ചേരി വേങ്ങശേരിയിലെ പറമ്പിൽ ഇറക്കിയശേഷം മോഷ്ടാക്കൾ ലോറി ഉപേക്ഷിച്ചു. ലോറി ഡ്രൈവറെയും മറ്റുള്ളവരെയും കാറിൽ കയറ്റി വടക്കഞ്ചേരിയിലും പരിസരങ്ങളിലും കറങ്ങിയശേഷം വഴിയിൽ ഇറക്കിവിട്ടു. തുടർന്ന് ലോറി ഡ്രൈവർ കോട്ടയം സ്വദേശിയായ കന്നുകാലികളുടെ മുതലാളിയെ വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപ്രതികൾ പിടിയിലായത്. മറ്റുപ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..