പാലക്കാട്
കേന്ദ്രബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ച ദ്രോഹനടപടിയിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ വ്യാഴാഴ്‌ചയും ജില്ലയിൽ പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു. കേരളമെന്ന വാക്കുപോലും ഉച്ചരിക്കാത്ത ചരിത്രത്തിലെ ആദ്യ ബജറ്റിനെതിരെ പേമാരിപോലും വകവയ്‌ക്കാതെ നൂറുകണക്കിന് പ്രവർത്തകർ രംഗത്തിറങ്ങി. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ നിർജീവമാക്കുംവിധം കടുത്ത അവഗണനയാണ് കേന്ദ്രബജറ്റിൽ ഉണ്ടായത്. ഇത് മലയാളികളോടുള്ള കടുത്ത വെല്ലുവിളിയാണ്. കേരളത്തിൽനിന്ന് എംപിയുണ്ടായാൽ തേനും പാലുമൊഴുക്കുമെന്ന് പ്രഖ്യാപിച്ച ബിജെപി കേരളത്തെ വഞ്ചിച്ചിരിക്കുകയാണെന്ന് പ്രകടനത്തിൽ മുദ്രാവാക്യമുയർന്നു. ലോക്കൽ കേന്ദ്രങ്ങളിലാണ് പ്രതിഷേധം.
സിപിഐ എം പാലക്കാട് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ പ്രകടനം വിക്ടോറിയ കോളേജ് പരിസരത്തുനിന്ന് ആരംഭിച്ച് അഞ്ചുവിളക്കിന് സമീപം സമാപിച്ചു. യോഗം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ടി കെ നൗഷാദ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ അജിത് സഖറിയ, വി സുരേഷ്, കെ കെ ദിവാകരൻ, എം എസ് സ്‌കറിയ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ കൃഷ്ണൻകുട്ടി സ്വാഗതവും സി പി പ്രമോദ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..