23 December Monday
3 പേർക്ക്‌ പരിക്ക്‌

മിന്നൽച്ചുഴലി ആഞ്ഞടിച്ചു; 
63 കിലോമീറ്റർ വേഗത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

മുതുതല പഞ്ചായത്ത് ഓഫീസിനുസമീപം ലക്ഷംവീട്ടിൽ കാർത്യായനിയുടെ 
വീടിനുമുകളിൽ മരം വീണപ്പോൾ

കോഴിക്കോട്‌/പാലക്കാട്‌
വടക്കൻ ജില്ലകളിൽ കനത്തനാശം വിതച്ച മിന്നൽച്ചുഴലി ആഞ്ഞടിച്ചത്‌ 63 കിലോമീറ്റർ വേഗത്തിൽ. കാസർകോട്‌, കണ്ണൂർ, കോഴിക്കോട്‌, വയനാട്‌, മലപ്പുറം, പാലക്കാട്‌ തുടങ്ങിയ ജില്ലകളിൽ ബുധൻ അർധരാത്രിയിലും വ്യാഴം പകലുമാണ്‌ ചുഴലിക്കാറ്റടിച്ചത്‌. കണ്ണൂർ പെരിങ്ങോം ഓട്ടോമാറ്റിക്‌ വെതർസ്‌റ്റേഷനിലാണ്‌ കാറ്റിന്റെ തീവ്രത ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത്‌–- മണിക്കൂറിൽ 63 കിലോമീറ്റർ. രാത്രി 12നാണ്‌ ഇവിടെ ചുഴലിക്കാറ്റുണ്ടായത്‌. കണ്ണൂർ വിമാനത്താവളത്തിൽ രാത്രി 12.30ന്‌ 60 കിലോമീറ്റർ വേഗമുള്ള ചുഴലിക്കാറ്റ്‌ രേഖപ്പെടുത്തി. കാസർകോട്‌ പാണത്തൂരിൽ രാത്രി 11.45ന്‌ 50 കിലോമീറ്റർ വേഗത്തിലും പടന്നക്കാട്‌ 45 കിലോമീറ്ററിലും കാറ്റടിച്ചു. വ്യാഴം രാവിലെയും ഉച്ചതിരിഞ്ഞും കോഴിക്കോട്‌, വയനാട്‌, മലപ്പുറം, പാലക്കാട്‌ എന്നിവിടങ്ങളിൽ ശക്തമായ ചുഴലിക്കാറ്റുമുണ്ടായി. ആളപായമില്ലെങ്കിലും നൂറുകണക്കിന്‌ വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും നാശമുണ്ടായി. പലയിടത്തും കെട്ടിടങ്ങളുടെ മേൽക്കൂര പറന്നുപോയി. വൻമരങ്ങൾ ഉൾപ്പെടെ ചുഴറ്റിയെറിയപ്പെട്ടു. 
വൈദ്യുതി വിതരണശൃംഖലയ്‌ക്കാണ്‌ വൻനാശമുണ്ടായത്‌. നൂറുകണക്കിന്‌ വൈദ്യുതിത്തൂണുകൾ മരംവീണും മറ്റും തകർന്നു. പലയിടത്തും മണിക്കൂറുകൾ പണിപ്പെട്ടാണ്‌ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനായത്‌. ചുഴലിക്കാറ്റ്‌ അർധരാത്രിയിലായതിനാലാണ്‌ ജീവാപായം ഉണ്ടാകാതിരുന്നത്‌. റവന്യു വകുപ്പും കെഎസ്‌ഇബിയും നാശനഷ്ടം തിട്ടപ്പെടുത്തിവരുന്നതേയുള്ളൂ. പസഫിക്‌ സമുദ്രത്തിലുണ്ടായ ചുഴലിക്കാറ്റിന്റെ സ്വാധീനമാണ്‌ മിന്നൽച്ചുഴലിയുടെ പ്രധാന കാരണമെന്നാണ്‌ വിലയിരുത്തൽ.
ജില്ലയിൽ വ്യാഴാഴ്‌ച പെയ്‌ത ശക്തമായ മഴയിലും കാറ്റിലും 74 വീടുകള്‍ കൂടി ഭാഗികമായി തകര്‍ന്നു. പാറ പൊള്ളാച്ചി റോഡിൽ രണ്ടിടത്ത്‌ മരംവീണ് ഗതാഗത തടസ്സമുണ്ടായി. ചെർപ്പുളശേരിയിൽ വീട്‌ തകർന്ന്‌ മൂന്നുപേർക്ക്‌ പരിക്കേറ്റു. വ്യാഴാഴ്‌ച വീശിയ ശക്തമായ കാറ്റ്‌ 10 മിനിറ്റോളം നീണ്ടു. ജൂണ്‍, ജൂലൈ മാസങ്ങളിലായി ആകെ 20 വീടുകള്‍ പൂര്‍ണമായും 243 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 
പട്ടാമ്പി
മുതുതല പഞ്ചായത്ത്‌ ഓഫീസിനു സമീപം ലക്ഷംവീട്ടിൽ കാർത്യായനിയുടെ വീടിന് മുകളിലേക്ക്‌ കാറ്റിൽ മരംവീണ് വീട് ഭാഗികമായി തകർന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top