23 October Wednesday

എക്സ്ക്യൂസ് മീ, 
‘ഐ ആം കന്തസ്വാമി’

ബിമൽ പേരയംUpdated: Sunday Aug 25, 2024

സോ സിംപിൾ കൽപ്പാത്തി ജിഎൽപിഎസിൽ ഏഴാംക്ലാസ് തുല്യത പരീക്ഷയെഴുതുന്ന കന്തസ്വാമി ഫോട്ടോ: ശരത് കൽപ്പാത്തി

പാലക്കാട്‌
കെഎസ്ആർടിസി മെക്കാനിക്കൽ വിഭാഗത്തിൽ ജോലിചെയ്യുന്ന കാലം. ഇംഗ്ലീഷിലുള്ള സാങ്കേതികപദങ്ങൾ എഴുതാനറിയാതെ കണ്ണ് നിറഞ്ഞൊഴുകിയൊരു സമയമുണ്ടായിരുന്നു കല്ലേപ്പുള്ളി കുഴിയക്കാട്‌ സ്വദേശി കന്തസ്വാമിക്ക്. അന്ന് മനസിൽ കുറിച്ചതാണ് ഇംഗ്ലീഷ് ഭാഷയെയും കീഴടക്കുമെന്ന്. ഇന്ന് 73–ാം വയസിൽ തന്റെ മുന്നിലെത്തുന്നവരോട് കെെ നീട്ടി ആത്മവിശ്വാസത്തോടെ കന്തസ്വാമി പറയും. ‘എക്സ്ക്യൂസ് മീ ഐ ആം കന്തസ്വാമി’ എന്ന്. 
പതിറ്റാണ്ടുകൾക്കുമുമ്പേ സാക്ഷരത പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട് വി കന്തസ്വാമി. കർഷകത്തൊഴിലാളിയായിരുന്ന അമ്മ നാഗി(പെട്ട)യെ സ്വന്തം പേരെഴുതാൻ പഠിപ്പിച്ചു. പക്ഷേ, ജീവിത പ്രയാസങ്ങളും ദാരിദ്ര്യവുംമൂലം അഞ്ചാം ക്ലാസിൽ പഠനം മുടങ്ങി. എഴുപത്തിമൂന്ന്‌ വയസ്സ്‌ പിന്നിടുമ്പോൾ പാതിയിൽ നിലച്ച പഠനം തുടരുകയാണ്‌. സാക്ഷരതാ മിഷന്റെ ഏഴാം ക്ലാസ്‌ തുല്യത പരീക്ഷ എഴുതാനെത്തുമ്പോൾ പഴയ ഓർമകളുടെ തിരയിളക്കത്തിൽ ആ കണ്ണുകൾ നനഞ്ഞു.
      ജീവിക്കാൻ മാർഗമില്ലാതെ അച്ഛൻ വെള്ള ഓട്ടുപാത്ര നിർമാണത്തൊഴിലാളിയായി തമിഴ്‌നാട്ടിലേക്ക്‌ വണ്ടികയറി. തമിഴ്‌ സ്വാധീനത്തിലാണ്‌ മകന് കന്തസ്വാമിഎന്ന് പേരിട്ടത്.  ‘‘എല്ലാവരും തമിഴനാണെന്ന്‌ കരുതും. പക്ഷേ താൻ പ്യുവർ മലയാളിയാണ്‌’’–- കൽപ്പാത്തി ഗവ. എൽപിഎസിലെ പരീക്ഷാ ഹാളിലിരുന്ന്‌ കന്തസ്വാമി പറഞ്ഞു. 
അച്ഛന്റെ മരണശേഷം കുടുംബംപോറ്റാൻ പത്താം ക്ലാസിൽ 50 പൈസ കൂലിക്ക്‌ ബേക്കറിത്തൊഴിലാളിയായി. പിന്നീട്‌ കാർ വർക്‌ഷോപ്പിലും എറണാകുളത്ത്‌ ബോട്ട്‌ജെട്ടിയിൽ ഡെക്ക്‌മാനായും പണിയെടുത്തു. പ്രചോദനം തരാനോ സഹായിക്കാനോ ആരുമില്ല. ഐടിഐ പാസായവരെയും ജോലിയിൽ പ്രാവീണ്യമുള്ളവരെയും കെഎസ്‌ആർടിസി മെക്കാനിക്‌ വിഭാഗത്തിലേക്ക്‌ അഭിമുഖത്തിലൂടെ തെരഞ്ഞെടുത്തിരുന്നു. പ്രാവീണ്യത്തിന്റെ അടിസ്ഥാനത്തിൽ കന്തസ്വാമിക്കും ജോലി ലഭിച്ചു. 1977ൽ സർക്കാർ ജീവനക്കാരനായി. ജോലിയുടെ വേളയിൽ ഇംഗ്ലീഷിലുള്ള മെക്കാനിക്കൽ പദങ്ങൾ പേപ്പറിൽ എഴുതാനറിയാതെ പലപ്പോഴും കുടുങ്ങി. പരസഹായം തേടേണ്ടി വന്നപ്പോൾ കണ്ണുനിറഞ്ഞിട്ടുണ്ട്‌. 2007ൽ വിരമിച്ചു. 
നാട്ടിൽ സാമൂഹ്യ രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളിയാകുമ്പോഴും പഠിക്കണമെന്ന ആഗ്രഹം മുന്നിലുണ്ടായിരുന്നു. അങ്ങനെയാണ്‌ സാക്ഷരതാ മിഷന്റെ തുല്യത പഠനത്തിന്‌ അപേക്ഷ നൽകിയത്‌. മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി വിഷയങ്ങളിലായിരുന്നു ശനിയാഴ്‌ച പരീക്ഷ. ഭാര്യ പ്രേമയും ഏഴാം ക്ലാസ്‌ വരെ പഠിച്ചിട്ടുണ്ട്‌. വിനോദ്‌, പ്രീത, കലാവതി എന്നിവരാണ്‌ മക്കൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top