പാലക്കാട്
സംസ്ഥാന സാക്ഷരതാമിഷൻ നടത്തുന്ന ഏഴാം തരം തുല്യതാ കോഴ്‌സിൽ ആദ്യ ദിനം ജില്ലയിൽ പരീക്ഷ എഴുതിയവർ 133 പേർ. ഇതിൽ 82 സ്ത്രീകളും 51 പുരുഷൻമാരുമാണ്. 17 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. എസ്‌സി വിഭാഗത്തിൽപ്പെട്ട 29 പേരും എസ്ടി വിഭാഗത്തിൽപ്പെട്ട ഒമ്പതുപേരും പരീക്ഷ പൂർത്തിയാക്കി. കുഴൽമന്ദം ബ്ലോക്കിലെ പരീക്ഷാ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ചോദ്യപേപ്പർ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദേവദാസ് അധ്യക്ഷനായി. പാലക്കാട് കൽപ്പാത്തി ജിഎൽപി സ്കൂളിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം രാമൻകുട്ടി ചോദ്യപേപ്പർ വിതരണം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്‌സൺ ഷാബിറ, ജില്ലാ സാക്ഷരതാ മിഷൻ കോ–-ഓർഡിനേറ്റർ ഡോ. മനോജ് സെബാസ്റ്റ്യൻ, അസി. കോ–-ഓർഡിനേറ്റർ പി വി പാർവതി, ഒ വിജയൻ, ഡോ.പി സി ഏലിയാമ്മ എന്നിവർ സംസാരിച്ചു.
കൽപ്പാത്തി ജിഎൽപിഎസിൽ പരീക്ഷ എഴുതിയ മരുതറോഡ് സ്വദേശിയായ കന്തസ്വാമി (73)യാണ് ജില്ലയിൽ പ്രായം കൂടിയ പഠിതാവ്. അലനല്ലൂർ കേന്ദ്രത്തിൽ പരീക്ഷ എഴുതിയ ജയശ്രീ (17)യാണ് പ്രായം കുറഞ്ഞ പഠിതാവ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി പരീക്ഷകളാണ് പൂർത്തിയായത്. ഞായറാഴ്‌ച സാമൂഹ്യശാസ്ത്രം, അടിസ്ഥാനശാസ്ത്രം, ഗണിതം വിഷയങ്ങളിലാണ് പരീക്ഷ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..