22 December Sunday
പദ്ധതി രേഖ അംഗീകരിച്ചു

വ്യവസായ ഇടനാഴിക്കായി പ്രത്യേക കമ്പനി രൂപീകരിച്ചു: പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

കൊച്ചി–- ബംഗളുരു വ്യവസായ ഇടനാഴിയുടെ ഭാഗമായി കഞ്ചിക്കോട്‌ പുതുശേരി സെൻട്രലിലെ മാസ്റ്റർപ്ലാൻ രൂപരേഖ

പാലക്കാട്‌
കൊച്ചി –- ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി കഞ്ചിക്കോട്‌ ഉയരുന്ന സ്മാർട്ട്‌ സിറ്റിയുടെ നടത്തിപ്പിന്‌ പ്രത്യേക കമ്പനി രൂപീകരിച്ചതായി മന്ത്രി പി രാജീവ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരള ഇൻഡസ്‌ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ്‌ കോർപറേഷൻ ലിമിറ്റഡ്‌ (കെഐസിഡിസി) എന്ന സ്പെഷ്യൽ പർപ്പസ്‌ വെഹിക്കിളിനാണ്‌ രൂപം നൽകിയത്‌. നാഷണൽ ഇൻഡസ്‌ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ്‌ ആൻഡ്‌ ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (എൻഐസിഡിഐടി) കേരള സർക്കാരും ചേർന്ന്‌ രൂപീകരിച്ച എസ്‌പിവിയാകും തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. 
കേന്ദ്ര,- സംസ്ഥാന സംരംഭമായ സ്മാർട്ട്‌ സിറ്റിക്കായി 3,815 കോടി രൂപയുടെ പദ്ധതിയാണ്‌ കിൻഫ്ര എൻഐസിഡിഐടിക്ക്‌ സമർപ്പിച്ചത്‌. 1,710 ഏക്കർ ഭൂമി 1,844 കോടിരൂപ ചെലവിലാണ്‌ സർക്കാർ ഏറ്റെടുത്തത്‌. കേന്ദ്ര സർക്കാർ വിഹിതമായ 1789.92 കോടി അടിസ്ഥാന സൗകര്യ വികസനത്തിനാകും. കേന്ദ്രഫണ്ട്‌ എത്രഘട്ടമായി കൈമാറുമെന്ന്‌ ഒക്ടോബർ ഒന്നിന്‌ കേന്ദ്ര,സംസ്ഥാന സംഘത്തിന്റെ സന്ദർശനശേഷം വ്യക്തമാകും. 
പദ്ധതിയുടെ മാസ്‌റ്റർ പ്ലാൻ അംഗീകരിച്ചു. പാരിസ്ഥിതിക അനുമതിയും ലഭിച്ചു. വിശദ പദ്ധതി രേഖയും ടെൻഡറും അംഗീകരിച്ചു. ഫണ്ട്‌ ഘട്ടമായാണ്‌ നൽകുന്നതെങ്കിൽ ടെൻഡറിൽ മാറ്റംവരും.  
ഫാർമസ്യൂട്ടിക്കൽ നിർമാണമേഖലയ്‌ക്കാണ്‌ സ്മാർട്ട്‌ സിറ്റിയിൽ പ്രാമുഖ്യം. പുതുശേരി സെൻട്രലിൽ നീക്കിവയ്‌ക്കുന്ന 420 ഏക്കർ ഫാർമസ്യൂട്ടിക്കൽ ഇതിനായി ഉപയോഗിക്കും. ഹൈടെക്‌ മേഖലയ്‌ക്ക്‌ 96.5 ഏക്കറും നോൺ മെറ്റാലിക്‌ മിനറൽ ഉൽപ്പന്നങ്ങൾക്ക്‌ 42.3 ഏക്കറും ടെക്സ്‌റ്റൈൽസിന്‌ 54.3 ഏക്കറും റീസൈക്കിളിങ്ങിന്‌ 59.6 ഏക്കറും നൽകും. പുതുശേരി വെസ്‌റ്റിൽ 130.19 ഏക്കറിൽ ഫുഡ്‌ ആൻഡ്‌ ബീവറേജസ്‌ മേഖല, ഫാബ്രിക്കേറ്റഡ്‌ മെറ്റൽ ഉൽപ്പന്നങ്ങൾ എന്നിവയാകും. 
മൂന്നിടത്തും ഗ്രീൻബെൽറ്റിനും ജല സംരക്ഷണത്തിനും ഭൂമി മാറ്റിവയ്‌ക്കുമെന്നും പി രാജീവ്‌ പറഞ്ഞു. മന്ത്രി കെ കൃഷ്‌ണൻകുട്ടി, എ പ്രഭാകരൻ എംഎൽഎ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ്‌ ഹനീഷ്‌, കിൻഫ്ര എംഡി സന്തോഷ്‌ കോശി തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top