പാലക്കാട്
ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഞ്ച് വാർഡുകളിൽ 30ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളായി. പരസ്യ പ്രചാരണം ഞായറാഴ്‌ച സമാപിക്കും. സ്ഥാനാർഥികൾ വീടുകയറി എല്ലാ വോട്ടർമാരെയും നേരിൽക്കണ്ട് വോട്ട് ഉറപ്പിച്ച് വാശിയേറിയ മത്സരമാണ് നടക്കുന്നത്. അഞ്ചിടത്തും എൽഡിഎഫ് ഏറെ മുന്നിലെത്തിക്കഴിഞ്ഞു. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലെ പാലത്തുള്ളി, തച്ചമ്പാറ പഞ്ചായത്തിലെ അഞ്ചാം വാർഡ് മുണ്ടമ്പലം, പുതുനഗരം പഞ്ചായത്തിലെ രണ്ടാം വാർഡ് തെക്കത്തിവട്ടാരം, മങ്കര പഞ്ചായത്തിലെ നാലാം വാർഡ് കൂരാത്ത്, ഷോളയൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് കോട്ടത്തറ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. തെക്കത്തിവട്ടാരം ഒഴികെ നാലിടത്തും 2020ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫാണ് വിജയിച്ചത്.
കൊല്ലങ്കോട് പാലത്തുള്ളി ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായി കെ പ്രസന്നകുമാരിയാണ് മത്സരിക്കുന്നത്. എൽഡിഎഫ് അംഗമായിരുന്ന സി ശശികല സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജി വച്ചതോടെയാണ് തെരഞ്ഞെടുപ്പ്. തച്ചമ്പാറ പഞ്ചായത്തിലെ അഞ്ചാം വാർഡ് മുണ്ടമ്പലത്ത് എൽഡിഎഫ് സ്ഥാനാർഥി പി ആർ സന്തോഷാണ് സിപിഐ എമ്മിലെ പി സി ജോസഫ് മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. അട്ടപ്പാടി ഷോളയൂർ ഒന്നാം വാർഡിൽ ബാലകൃഷ്‌ണനാണ് എൽഡിഎഫ് സ്ഥാനാർഥി. സിപിഐ എമ്മിലെ മാധവന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ്. മങ്കര കൂരത്തിൽ വി കെ ശ്രീജയാണ് എൽഡിഎഫ് സ്ഥാനാർഥി. സിപിഐ എം സ്വതന്ത്ര വസന്തകുമാരിയെ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യയാക്കിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. പുതുനഗരം തെക്കത്തിവട്ടാരത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി ടി എം അബ്‌ദുൾ ലത്തീഫ് മത്സരിക്കുന്നു. ലീഗ് അംഗം എ വി ജലീലിന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ്. 31നാണ് വോട്ടെണ്ണൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..