22 November Friday

മറ്റൊരു ബൂത്തിന്റെ ഫോട്ടോ പ്രചരിപ്പിച്ചു; 
ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ പരാതി

പ്രത്യേക ലേഖകൻUpdated: Thursday Sep 26, 2024

 പാലക്കാട്‌ 

ബിജെപിയുടെ അംഗത്വ ക്യാമ്പയിനിൽ പിറകിലായതിനെതുടർന്ന്‌ പ്രവർത്തകരെ സജീവമാക്കാൻ സ്വന്തം ബൂത്തിൽ മെമ്പർഷിപ് ചേർക്കുന്നതായി ജില്ലാ പ്രസിഡന്റ്‌ പ്രചരിപ്പിച്ചത്‌ മറ്റൊരു ബൂത്തിന്റെ ചിത്രം. 
പട്ടാമ്പി നഗരസഭയിലെ ബൂത്തിന്റെ ഫോട്ടോയാണ്‌ കൊപ്പം പഞ്ചായത്തിലെ സ്വന്തം ബൂത്തെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്‌. മെമ്പർഷിപ് ക്യാമ്പയിനിന്റെ ഭാഗമായി സ്വന്തം ബൂത്തിൽ ജില്ലാ പ്രസിഡന്റ്‌ കെ എം ഹരിദാസ്‌ സമ്പർക്കത്തിൽ എന്ന കുറിപ്പോടെ പോസ്‌റ്റ്‌ ചെയ്‌ത ചിത്രങ്ങൾക്ക്‌ താഴെ ‘ഇതിൽ ഏതാണ്‌ സ്വന്തം ബൂത്ത്‌’ എന്ന്‌ പ്രവർത്തകർ വ്യാപകമായി കമന്റ്‌ ചെയ്‌തു. സ്വന്തം ബൂത്തിൽ പോലും ഇറങ്ങാൻ കഴിയാത്ത ജില്ലാ പ്രസിഡന്റിന്‌ എങ്ങനെയാണ്‌ മറ്റുള്ളവരെ രംഗത്തിറക്കാൻ കഴിയുകയെന്നും ചോദിക്കുന്നു. 
പണ്ഡിറ്റ്‌ ദീൻദയാൽ ഉപാധ്യായയുടെ ജയന്തിയോടനുബന്ധിച്ച്‌ ബുധനാഴ്‌ചയാണ്‌ മഹാസമ്പർക്കവും മെമ്പർഷിപ് ക്യാമ്പയിനും നടന്നത്‌. ഇതിന്റെ ഭാഗമായി പങ്കുവച്ച കുറിപ്പിൽ മെമ്പർഷിപ് ക്യാമ്പയിനിൽ നമ്മൾ ഏറെ പിറകിലാണെന്നും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അഭ്യർഥിച്ചിട്ടുണ്ട്‌. അണികളെ സജ്ജരാക്കാൻ തെറ്റായ ഫോട്ടോ പ്രചരിപ്പിച്ച ജില്ലാ പ്രസിഡന്റിനെതിരെ ശോഭ സുരേന്ദ്രൻ പക്ഷം അഖിലേന്ത്യാ നേതൃത്വത്തിന്‌ പരാതി നൽകി. 
മൊബൈൽ ആപ്‌ ഡൗൺലോഡ്‌ ചെയ്‌ത്‌ അംഗത്വം എടുക്കുന്ന ഓൺലൈൻ സംവിധാനത്തിൽ ജില്ല ഏറെ പിന്നിലാണ്‌. കഴിഞ്ഞതവണ ഒന്നേകാൽ ലക്ഷം മെമ്പർഷിപ് ഉള്ളിടത്ത്‌ ഇത്തവണ 18,000 കടന്നില്ല. ഇതോടെ ജില്ലാ കമ്മിറ്റി പിരിച്ചുവിടുമെന്നുവരെ ദേശീയ നിർവാഹകസമിതി അംഗം കുമ്മനം രാജശേഖരൻ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ ഭാരവാഹി യോഗത്തിൽ മുന്നറിയിപ്പ്‌ നൽകിയിരുന്നു. 30വരെയാണ്‌ പ്രചാരണം. അതിനിടയിൽ പരമാവധി മെമ്പർമാരെ ചേർക്കാനുള്ള നെട്ടോട്ടത്തിലാണ്‌ ജില്ലാ നേതൃത്വം. നേതൃത്വത്തോട്‌ എതിർപ്പുള്ള ഭൂരിഭാഗം മണ്ഡലം ഭാരവാഹികളും പ്രവർത്തനങ്ങളിൽനിന്ന്‌ വിട്ടുനിൽക്കുകയാണ്‌. ഇതിനിടയിൽ ദീൻദയാൽ ഉപാധ്യായയുടെ ജന്മദിനം ഭാരവാഹികളെ അറിയിക്കാതെ ജില്ലാ കമ്മിറ്റി ഓഫീസിലെ മൂന്ന്‌ ജീവനക്കാരെ മാത്രം പങ്കെടുപ്പിച്ച്‌ സംഘടിപ്പിച്ചതിലും വിമർശനമുയർന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top