പാലക്കാട്
മാസ്‍ക്കിനുള്ളിൽ വിടർന്ന പുഞ്ചിരിയുമായി കുട്ടികൾ വീണ്ടും സ്‍കൂൾ മുറ്റത്ത്. കൂട്ടുകാരെയും അധ്യാപകരെയും കണ്ടപ്പോൾ ഓരോ മുഖത്തും സന്തോഷം. തുടർന്ന്, ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതി. പുറത്തിറങ്ങി കൂട്ടുകാർക്കു നേരേ കൈവീശി കാണിച്ച് നാളെ കാണാമെന്ന് പറഞ്ഞവർ പിരിഞ്ഞു.
ചൊവ്വാഴ്‌ച രാവിലെ വിഎച്ച്‍എസ്ഇ പരീക്ഷയും ഉച്ചയ്‌ക്കുശേഷം എസ്എസ്എൽസി പരീക്ഷയും നടന്നു. 199 കേന്ദ്രങ്ങളിലായാണ് എസ്എസ്എൽസി പരീക്ഷ നടന്നത്. ജില്ലയിൽ 39,225 പേർ പരീക്ഷ എഴുതി. 41 പേർക്ക് ഹാജരാകാൻ കഴിഞ്ഞില്ല. വിഎച്ച്എസ്ഇയിലും ഭൂരിഭാഗം വിദ്യാർഥികൾ പരീക്ഷ എഴുതി. 25 കേന്ദ്രങ്ങളിലായി 3,822 വിദ്യാർഥികൾ വിഎച്ച്എസ്ഇ പരീക്ഷ എഴുതി. ഹയർ സെക്കൻഡറി പരീക്ഷ ബുധനാഴ്‍ച തുടങ്ങും. പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് സേ പരീക്ഷയ്‍ക്ക് അവസരമുണ്ട്.
വിദ്യാർഥികളെ തെർമൽ സ്‍കാനർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാണ് പരീക്ഷാ ഹാളിലേക്ക് കയറ്റിയത്. കൈകഴുകാനുള്ള സോപ്പും വെള്ളവും സ്‍കൂളുകളിൽ ഒരുക്കി. അധ്യാപകരും ആരോഗ്യപ്രവർത്തകരും ചേർന്ന് കുട്ടികൾക്ക് സാനിറ്റൈസർ നൽകി. എല്ലാ സ്‍കൂളിലേക്കും പ്രവേശിക്കാൻ ഒരു വഴി മാത്രമാണ് ക്രമീകരിച്ചത്. പ്രവേശന കവാടം മുതൽ പരീക്ഷാഹാൾ വരെ നിർദേശങ്ങളുമായി അധ്യാപകരും നിലയുറപ്പിച്ചു.
കുട്ടികൾക്ക് ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളടങ്ങിയ നോട്ടീസ് വിതരണം ചെയ്തു. ഭൂരിഭാഗം കുട്ടികളും മാസ്‍ക് വീട്ടിൽനിന്നു കൊണ്ടുവന്നു. ഇല്ലാത്തവർക്ക് സ്‍കൂളിൽനിന്നു നൽകി. കണ്ടെയ്‌മെന്റ് സോണുകളിൽനിന്ന് എത്തിയ വിദ്യാർഥികളെ പ്രത്യേക മുറിയിൽ ഇരുത്തിയാണ് എഴുതിച്ചത്. രക്ഷിതാക്കൾക്കു സ്‌കൂളുകളിൽ പ്രവേശനം ഇല്ലായിരുന്നു.
പരീക്ഷ ജയിക്കും, കൊറോണയെ തോൽപ്പിക്കും
കോവിഡ് ഭീതിയൊന്നും പരീക്ഷയ‍്‍ക്ക് എത്തിയ വിദ്യാർഥികളിൽ ഉണ്ടായിരുന്നില്ല. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ തയ്യാറായാണ് ഓരോരുത്തരും എത്തിയത്.
എല്ലാവരും മാസ്‍ക് ധരിച്ചു. ടവലും കുടിവെള്ളവും ഒന്നിൽകൂടുതൽ പേനയും കൈയിൽ കരുതി.
എല്ലാവരും സ്കൂളിലേക്ക് കയറിയതുമുതൽ ശാരീരിക അകലം പാലിച്ചു.
പരീക്ഷയ്‌ക്കിടയിലും പേനയോ പെൻസിലോ കൈമാറാതിരിക്കാനും ഓരോരുത്തരും ശ്രദ്ധിച്ചു.
കെട്ടിപ്പിടിച്ചും കൂട്ടംകൂടിയുമുള്ള സൗഹൃദങ്ങളെ രോഗം പ്രതിരോധിക്കാൻ അകറ്റി നിർത്തുകയും ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..