08 September Sunday
ചിറ്റൂർപ്പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണം

ആളിയാർ അണക്കെട്ട്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

ചിറ്റൂർപ്പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ വെള്ളത്തിനടിയിലായ നറണിയിലെ താൽക്കാലിക റോഡ്‌, നിർമാണം പുരോഗമിക്കുന്ന പുതിയ പാലവും കാണാം

ചിറ്റൂർ
തമിഴ്നാട്ടിലെ ആളിയാർ അണക്കെട്ട്‌ തുറന്നു. ജലനിരപ്പ് സംഭരണശേഷിയുടെ പരമാവധിയിൽ എത്തിയതോടെ വെള്ളി രാവിലെയാണ്‌ ഷട്ടർ തുറന്നത്. തുടക്കത്തിൽ 11 ഷട്ടറുകൾ ആറ്‌ സെന്റീമീറ്റർ ഉയർത്തി 1,133 ഘനയടി വെള്ളമാണ് തുറന്നത്. പിന്നീട് 1,683 ഘനയടിയായി ഉയർത്തി. രാത്രിയോടെ കൂടുതൽ വെള്ളം ചിറ്റൂർപ്പുഴയിൽ എത്തും. ചിറ്റൂർപ്പുഴയുടെ ഇരുകരയിലും  താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന്‌ എക്സിക്യൂട്ടീവ് എൻജിനിയർ നിർദേശം നൽകി. 
വൈകിട്ട്‌ 1,460 ഘനയടി വെള്ളമാണ് മണക്കടവ് വിയറിൽ എത്തിയത്. ഇത് രാത്രിയോടെ ഉയരും. ആളിയാറിലെ വെള്ളത്തോടൊപ്പം ഉപ്പാർ, നല്ലാർ, വകരിയാറിലെയും വെള്ളവും മഴവെള്ളവും കൂടിച്ചേർന്നാൽ 2000ത്തിലധികം ഘനയടി വെള്ളം രാത്രിയോടെ ചിറ്റൂർപ്പുഴയിലെത്തുമെന്ന കണക്കുകൂട്ടലിലാണ് ചിറ്റൂർപ്പുഴ പദ്ധതി അധികൃതർ. 
മൂലത്തറ റെഗുലേറ്ററിന്‌ താഴെയുള്ള മൂലത്തറ, നറണി, പാറക്കളം നിലംപതി പാലങ്ങൾ വെള്ളത്തിനടിയിലായി. ഇതുവഴി  സഹാസിക യാത്ര തടയാൻ നിലംപതി പാലങ്ങളിൽ വടം കെട്ടി തടഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ പുഴയിലെ വെള്ളം ഉയർന്നതിനെ തുടർന്ന് നിർമാണത്തിലിരിക്കുന്ന നറണി പാലത്തിനുതാഴെ താൽക്കാലികമായി നിർമിച്ച റോഡ് ഭൂരിഭാഗവും തകർന്ന് ഗതാഗതയോഗ്യമല്ലാതായി. 1,050 അടി സംഭരണശേഷിയുള്ള ആളിയാറിൽ 1048.65 അടി വെള്ളം എത്തിയതോടെയാണ് തമിഴ്നാട് അണക്കെട്ട്‌ തുറന്നത്. മഴ തുടർന്നാൽ കൂടുതൽ ജലം ചിറ്റൂർപ്പുഴയിലേക്ക് ഒഴുക്കും. 1,825 അടി സംഭരണശേഷിയുള്ള പറമ്പിക്കുളത്ത്‌ 1797.60 അടിയാണ് നിലവിലെ ജലനിരപ്പ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top