22 November Friday
കൈകോർത്ത്‌ രക്ഷാപ്രവർത്തനം

ശിവനും കൂട്ടരും രക്ഷിച്ചത് 
പൊന്നുമണിയുടെ ജീവൻ

ജി അലേഷ്യസ്‌Updated: Saturday Jul 27, 2024

 ആലത്തൂർ

അപകടമുണ്ടായപ്പോൾ ഐക്യത്തോടെ നിന്ന്‌ ശിവനും കൂട്ടരും രക്ഷിച്ചത് പൊന്നുമണിയുടെ ജീവൻ. എടാംപറമ്പ് തടയണയിലെ കൈ കോർത്തുള്ള രക്ഷാ പ്രവർത്തനമാണ് ഐക്യത്തിന്റെ നേർച്ചിത്രമായത്‌. വ്യാഴം പകൽ പറക്കുന്നത്തുനിന്ന്‌ എടാംപറമ്പ് തടയണ കടക്കുന്നതിനിടെ ചുള്ളിമട പൊന്നുമണി ബൈക്കുമായി തടയണയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. 
തടയണയിൽ ഉണ്ടായിരുന്ന ആളുകളുടെ ശബ്ദം കേട്ടാണ് പ്രദേശവാസിയായ ശിവൻ ഓടിയെത്തിയത്. ശക്തമായ ഒഴുക്ക് ഉള്ളതിനാൽ രക്ഷിക്കാൻ കഴിയാതെ നിൽക്കുകയായിരുന്നു. പ്രദേശവാസിയായതിനാൽ തടയണയെക്കുറിച്ചും ഒഴുക്കിനെക്കുറിച്ചും പുഴയുടെ ഗതിയെക്കുറിച്ചും കൃത്യമായി ബോധ്യമുള്ള ഇദ്ദേഹം ഒഴുക്കിനെ തോൽപ്പിച്ച് പൊന്നുമണിയുടെ അടുത്തെത്തി. വേഗത്തിൽ പൊന്നുമണിയെയും ബൈക്കും സുരക്ഷിതമായി കരയിൽ എത്തിച്ചു. ഈ രംഗം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഒമ്പതോളം പേർ ഈ തടയണയിലെ ഒഴുക്കിൽപ്പെട്ട്‌ മരിച്ചിട്ടുണ്ട്. ഏറെ അപകട സാധ്യതയുള്ളിടത്താണ്‌ പൊന്നുമണിയും അകപ്പെട്ടത്. രക്ഷാപ്രവർത്തനത്തെ ഏവരും പ്രശംസിക്കുന്നുണ്ടെങ്കിലും അപകട സാധ്യത ഏറുകയാണ്. ചെറിയ മഴക്കാലത്ത് പോലും തടയണ കവിയുന്നത് പതിവാണ്. തടയണയുടെ ഇരുവശവും പൊലീസ് മുന്നറിയിപ്പ് ബോർഡ് വച്ച് ഗതാഗതം നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇത് അവഗണിച്ച് എളുപ്പമാർഗമെന്നോണം തടയണ മുറിച്ച് കടക്കുന്നവർ ഏറെയാണ്. ഇതുവലിയ അപകടങ്ങളിലേക്ക് വഴി വയ്‌ക്കുമെന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് പ്രദേശവാസികൾ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top