പാലക്കാട്
വടക്കഞ്ചേരിയിൽ ലോറിയും കന്നുകാലികളെയും തട്ടിയെടുത്തെന്ന രീതിയിലുള്ള പ്രചാരണം കെട്ടിച്ചമച്ചതെന്ന് ഓൾ കേരള കാറ്റിൽ മർച്ചന്റ്‌സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കന്നുകാലികളെ കുത്തിനിറച്ചുവന്ന ലോറി അസോസിയേഷൻ നേതൃത്വത്തിൽ തടഞ്ഞ് ചോദ്യം ചെയ്‌തപ്പോൾ രക്ഷപ്പെടാനായി പുറത്തുനിന്നുള്ള മാഫിയ കന്നുകാലി കച്ചവട സംഘം കെട്ടിച്ചമച്ചുണ്ടാക്കിയതാണ് കൊള്ളക്കഥ. സംഭവത്തിൽ അറസ്‌റ്റ് ചെയ്‌തിരിക്കുന്നവർ നിരപരാധികളാണ്. ഇവരുടെ വീട്ടിൽ കന്നുകാലികളെ ഇറക്കി നിർത്തിയതിന്റെ പേരിലാണ് സഹോദരങ്ങൾ കുറ്റക്കാരായത്.
പുലർച്ചെ നാലിന് നടന്നതായി പറയുന്ന സംഭവത്തിൽ പൊലീസിൽ പരാതി നൽകുന്നത് രാത്രി ഒമ്പതരയ്‌ക്കാണ്. ഇതിനിടെയാണ് ഗൂഢാലോചന നടന്നത്. പൊലീസ് സത്യാവസ്ഥ മനസ്സിലാക്കിയിട്ടില്ലെന്നും നിയമം ലംഘിച്ച് ഡബിൾ ഡക്കർ ലോറിയിലും മറ്റും കന്നുകാലികളെ കൊണ്ടുവരുന്നതിനെതിരെ ചെറുത്തുനിൽപ്പ് തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ യൂസഫ്, ഭാരവാഹികളായ എ യൂസഫ്, ടി എം ആദം, കെ മുസ്‌തഫ, എം കെ ഉമ്മർ, എൻ അബ്‌ദുൾ റഹ്മാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..