08 September Sunday

നിരാശയുണ്ട്‌,
പുറത്ത്‌ ആവേശത്തിന്റെ ശബ്‌ദമാകും ശ്രീ

ബിമൽ പേരയംUpdated: Saturday Jul 27, 2024

ശ്രീശങ്കർ വ്യായാമത്തിൽ

പാലക്കാട്‌
ഒളിമ്പിക്‌സ്‌ മെഡലെന്ന സ്വപ്‌നം പരിക്കുമൂലം ഉപേക്ഷിക്കേണ്ടിവന്ന സങ്കടത്തിലാണ്‌ പാലക്കാട്‌ സ്വദേശി ശ്രീശങ്കർ. നാലുവർഷമായി പാരിസ്‌ ഒളിമ്പിക്‌സ്‌ ലക്ഷ്യമിട്ട്‌ അശ്രാന്ത പരിശ്രമത്തിലായിരുന്നു. കളിക്കാനാകാത്തതിന്റെ നിരാശയുണ്ടെങ്കിലും കളിക്കളത്തിനുപുറത്ത്‌ ത്രസിപ്പിക്കുന്ന ശബ്‌ദമായി ശ്രീയുണ്ടാകും. ഏപ്രിൽ 16ന്‌ പരിശീലനത്തിനിടെ കാൽമുട്ടിനേറ്റ പരിക്കാണ്‌ യാത്രയ്‌ക്ക്‌ തടസ്സമായത്‌. പരിക്കുകൾ ഭേദമായെങ്കിലും മത്സരത്തിൽ പങ്കെടുക്കാനുള്ള കാര്യക്ഷമത കൈവരിക്കാത്തതിനാൽ പിന്മാറുകയായിരുന്നു. പാരിസ്‌ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്നു ലോക റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തുള്ള യുവ അത്‌ലീറ്റ്‌. ദോഹയിൽ കാൽമുട്ടിന്റെ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയശേഷം മുംബൈയിലേക്ക്‌ മടങ്ങിയത്‌ സ്‌പോർട്‌സ്‌ 18 ചാനലിന്റെ കമന്റേറ്ററായാണ്‌.   
പാരിസ്‌ ഡയമണ്ട്‌ ലീഗിൽ വെങ്കലം, ഗ്രീസിൽ നടന്ന മീറ്റിൽ സ്വർണം, അമേരിക്കയിലെ ചുലാ വിസ്‌ത മീറ്റിൽ സ്വർണം, ബംഗളൂരു ഇന്ത്യൻ ഗ്രാൻ പ്രീ മീറ്റിൽ സ്വർണം എന്നിവ കഴിഞ്ഞ സീസണിൽ സ്വന്തം പേരിൽ കുറിച്ചിട്ടു. 2023ൽ ഭുവനേശ്വറിൽ നടന്ന ഇന്റർ സ്‌റ്റേറ്റ്‌ മീറ്റിലാണ്‌ മികച്ച പ്രകടനം. 8.41 മീറ്റർ ചാടിയാണ്‌ സ്വർണം കൊയ്‌തത്‌.  
2020ലെ ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയെ ലോങ്‌ജമ്പിൽ പ്രതിനിധാനം ചെയ്‌തിരുന്നു. 2022ൽ കോമൺവെൽത്ത്‌ ഗെയിംസിൽ വെള്ളിമെഡലും സ്വന്തമാക്കി. 
2023 ജൂലൈയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ 8.37 മീറ്റർ ചാടി വെള്ളിമെഡൽ നേടിയ ശ്രീശങ്കർ പാരിസ്‌ ഒളിമ്പിക്‌സിലേക്കുള്ള പ്രവേശനമാർക്ക്‌ 8.27 മീറ്ററിലാണ്‌ മറികടന്നത്‌. പാരിസിൽ നടന്ന ഡയമണ്ട്‌ ലീഗ്‌ മീറ്റിന്റെ ആദ്യ മൂന്ന്‌ സ്ഥാനങ്ങളിൽ ഫിനിഷ്‌ ചെയ്‌ത ഇന്ത്യയിൽനിന്നുള്ള ആദ്യത്തെ ലോങ്‌ജമ്പറുമായി. 
പാലക്കാട്‌ യാക്കരയിലെ വീട്ടിലിരുന്ന്‌ പരിശീലകൻകൂടിയായ അച്ഛൻ മുരളി ഒളിമ്പിക്‌സ്‌ കാണും. മകന്റെ പരിക്ക്‌ വില്ലനായതിന്റെ ദുഃഖം അദ്ദേഹത്തിനുമുണ്ട്‌. ചാനലിൽ അവന്റെ ശബ്‌ദമാകും ഇക്കുറി ഒളിമ്പിക്‌സിൽ തങ്ങൾക്ക്‌ കളിയാവേശം നൽകുകയെന്ന്‌ എസ്‌ മുരളി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top