21 December Saturday
ജീവനും ജീവിതവും

ദേശാഭിമാനി

ജിഷ അഭിനയUpdated: Friday Sep 27, 2024

ടി വി നാരായണൻകുട്ടി

പാലക്കാട്‌
‘എന്തുകൊണ്ട്‌ ദേശാഭിമാനി’ എന്ന ചോദ്യത്തിന്‌ നാരായണൻകുട്ടിക്ക്‌ ഒരൊറ്റ ഉത്തരമേയുള്ളൂ. ‘അതെന്റെ പാരമ്പര്യമാണ്‌’. എഴുത്തും വരയും ജീവശ്വാസമായ ടി വി നാരായണൻകുട്ടി 77 –-ാം വയസ്സിലും ദേശാഭിമാനിയെ നെഞ്ചോട്‌ ചേർക്കുന്നു. ‘ദേശാഭിമാനിയോടെനിക്ക്‌ ആത്‌മബന്ധമാണ്‌. വടകരയിലെ താമസക്കാലത്ത് അച്ഛൻ ടി എൻ രാജഗോപാലൻ തമ്പാൻ കോഴിക്കോട് ദേശാഭിമാനിയിൽ പത്രാധിപ സമിതി അംഗമായിരുന്നു. മികച്ച വിവർത്തകൻ കൂടിയായിരുന്നു അച്ഛൻ. അന്ന് നായനാരാണ്‌ മുഖ്യപത്രാധിപർ.
 ഇ എം എസിന്റെ കാലത്തും അച്ഛൻ പത്രാധിപ സമിതി അംഗമായിരുന്നു. പിന്നീട്‌ പാലക്കാട്ട് താമസമാക്കിയപ്പോൾ അച്ഛൻ ഇവിടെ ദേശാഭിമാനി ലേഖകനായി. നോട്ടീസ്‌ നോക്കി വാർത്തയെടുക്കുന്ന സ്വഭാവം അച്ഛനില്ല. എല്ലാ പരിപാടികളിലും പങ്കെടുക്കും, വാർത്തയെടുക്കും. അച്ഛന്‌ എന്നും തിരക്കായിരുന്നു. കുട്ടികളായ ഞങ്ങൾ അമ്മ പറഞ്ഞാണ്‌ അച്ഛൻ വീട്ടിൽ വന്നിരുന്നുവെന്ന്‌ അറിയുക. ‘പ്രഭാതം’ കണ്ടുകെട്ടിയപ്പോൾ വീണ്ടും തുടങ്ങാൻ ഐ സി പി നമ്പൂതിരി അച്ച്‌ വാങ്ങാൻ അച്ഛനോട്‌ പണം ആവശ്യപ്പെട്ടു. ഒരു മടിയുംകൂടാതെ പണം നൽകി. 1947 മുതൽ 1948ൽ നിരോധനംവരെ ദേശാഭിമാനിയിൽ പ്രവർത്തിച്ചു. പിന്നീടും വിവിധ ചുമതലകൾ വഹിച്ചു. 15 –- 20 രൂപയായിരുന്നു ശമ്പളം. 
 ഭൂപരിഷ്‌കരണ കാലത്തിനുശേഷം സീഡ്‌ഫാം പാലക്കാട്‌ വിത്ത്‌ ഉൽപ്പാദന കേന്ദ്രം തുടങ്ങാൻ ആകെയുള്ള 15ൽ 13 ഏക്കർ ഭൂമി അച്ഛൻ വിട്ടുനൽകി. സുഹൃത്ത്‌ ഗോപാലനുണ്ണിയോടൊപ്പം ചേർന്ന്‌ അച്ഛൻ ‘ ജനവാണി’ എന്ന സായാഹ്‌ന പത്രവും ഇറക്കി. പിന്നീട്‌ ഇതും നിർത്തലാക്കി. ‘തമ്പാൻ’ എന്ന പേരിൽ അച്ഛൻ ദേശാഭിമാനിയിൽ ലേഖനങ്ങൾ എഴുതിയിരുന്നു. 1964 മുതൽ 1988ൽ മരണംവരെ പക്ഷാഘാതത്തെ തുടർന്ന്‌ വീൽചെയറിലായിരുന്നു.  
പാലക്കാട്‌ ഗവ. പോളിടെക്‌നിക് കോളേജിൽനിന്ന്‌ മെക്കാനിക്കൽ എൻജിനിയറിങ്‌ ഹയർ ഗ്രേഡ്‌ ലക്‌ചററായിരിക്കെയാണ്‌ നാരായണൻകുട്ടി വിരമിച്ചത്‌. 1958 മുതൽ ദേശാഭിമാനിയുടെ നിത്യവായനക്കാരനും വരിക്കാരനുമാണ്‌. ദേശാഭിമാനി വാരികയും ചിന്തയും പതിറ്റാണ്ടുകളായി വായിക്കുന്നു. 
വിദ്യാർഥികൾക്കും യുവാക്കൾക്കും മഹിളകൾക്കും തൊഴിലാളികൾക്കും തൊഴിൽ തേടുന്നവർക്കും പ്രായമായവർക്കും വേണ്ടതെല്ലാം നൽകുന്ന സമ്പൂർണ പത്രമാണിന്ന്‌ ദേശാഭിമാനി–- നാരായണൻകുട്ടി പറഞ്ഞു. ചന്ദ്രനഗറിലെ വീടിന്റെ അകവും പുറവും നാരായണൻകുട്ടി വരച്ച ചിത്രങ്ങൾ നിറഞ്ഞുനിൽക്കുന്നു. അക്രിലിക്‌, പേസ്‌റ്റൽ എന്നീ മാധ്യമങ്ങളിലാണ്‌ നാരായണൻകുട്ടിയുടെ ചിത്രം വരയ്‌ക്കൽ. ഭാര്യ: നിർമലകുമാരി. മക്കൾ: നീന, നീരജ്‌. മരുമക്കൾ: മനോജ്‌, രജനി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top