പാലക്കാട്
വഴിവിളക്കാണ് അണഞ്ഞുപോയതെന്നും ഈ ശൂന്യത ഏറെക്കാലം നിലനിൽക്കുമെന്നും മന്ത്രി എം ബി രാജേഷ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. തൃത്താല മണ്ഡലത്തിലെ കൂടല്ലൂരാണ് അദ്ദേഹം ജനിച്ചതെങ്കിലും കൂടല്ലൂരിന്റെയും ഭാരതപ്പുഴയുടെയും ഭൂമിശാസ്ത്ര, സാമൂഹ്യ, സാംസ്കാരിക സവിശേഷതകൾ ഒട്ടും ഒഴിവാക്കാതെ തന്റെ കൃതികളിൽ ആവാഹിച്ചെങ്കിലും വിശ്വമലയാളി എന്ന നിലയിലാണ് ഓരോ മലയാളിയുടെയും മനസ്സിൽ അദ്ദേഹം അടയാളപ്പെടുത്തപ്പെട്ടത്. ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കുള്ള കേരളത്തിന്റെ സഞ്ചാരത്തിൽ അദ്ദേഹം ഒപ്പമുണ്ടായിരുന്നു. സാഹിത്യത്തിലെന്നപോലെ മലയാള സിനിമയിലും പെരുന്തച്ചനായിരുന്നു അദ്ദേഹം. മലയാള കഥാസാഹിത്യത്തിൽ രണ്ട് തലമുറയിലെ പ്രമുഖരായ കഥാകൃത്തുക്കളെ വളർത്തിയെടുത്ത മഹാനായ പത്രാധിപരുമായിരുന്നു അദ്ദേഹം.
തന്നോട് സംസാരിക്കാൻ എം ടി ആഗ്രഹിക്കുന്നുവെന്ന് നന്ദകുമാർ പറഞ്ഞതനുസരിച്ചാണ് ആദ്യമായി നേരിൽക്കാണുന്നത്. തിരൂർ തുഞ്ചൻപറമ്പിൽ രാവിലെ മുതൽ ഉച്ചവരെ സംസാരിച്ചു. ‘‘എന്റെ നാടിന്റെ എംഎൽഎ ആണല്ലോ’’ എന്നാണ് അദ്ദേഹം പറഞ്ഞത്. കോഴിക്കോടിനെ യുഎൻ സാഹിത്യ പൈതൃക നഗരമായി പ്രഖ്യാപിച്ച വേളയിൽ അദ്ദേഹത്തിന് പുരസ്കാരം നൽകാനും അവസരം ലഭിച്ചു.
എം ടി ഇല്ലാത്ത കേരളവും മലയാള സാഹിത്യവും അക്ഷരാർഥത്തിൽ അനാഥമാണ്. കുടുംബാംഗങ്ങളുടെയും എം ടിയുടെ സാഹിത്യാസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..