പാലക്കാട്
മണ്ണിനെ പഠിക്കുക, കൃഷി മനസ്സിലാക്കുക, ശാസ്‌ത്രീയ രീതി അവലംബിക്കുക ഇത് തുടർന്നാൽ ഏത് കൃഷിയും അത്യാകർഷകമാകും, മികച്ച വരുമാനവും സന്തോഷവും സ്വന്തമാക്കാം. പറയുന്നത് കൊല്ലങ്കോടിന്റെ കവാടമെന്ന് അറിയപ്പെടുന്ന കരിങ്കുളം നടുപ്പാടത്തെ നെൽവയലുകളുടെ ഉടമ ഷാബുമോൻ (46). ഇവിടെ 19 ഏക്കറിലാണ് ഷാബുമോൻ കൃഷിയിറക്കുന്നത്.
12 ഏക്കർ സ്വന്തവും ഏഴ് ഏക്കർ കുടുംബവകയും. എലവഞ്ചേരി കരിങ്കുളം ഷാബുമോന് കൃഷിയാണ് മുഖ്യഉപജീവനം. ഒരു കളപോലുമില്ലാതെ 19 ഏക്കറിൽ ഹരിതാഭവിടർത്തുന്ന നെൽവയലുകളുടെ സൗന്ദര്യംകൂടിയാണ് കൊല്ലങ്കോടിനെ ഇന്ത്യയിലെ മികച്ച 10 സ്ഥലങ്ങളിൽ മൂന്നാമതായി അടയാളപ്പെടുത്താൻ സഹായമായത്.
ശാസ്‌ത്രീയമായി ചെയ്‌താൽ ഏത് കൃഷിയിൽനിന്നും മികച്ച ലാഭമുണ്ടാക്കാമെന്ന് ഷാബുമോൻ പറയുന്നു. ആദ്യം മണ്ണുപരിശോധന. അടിവളമായി ഡെയ്‌ഞ്ചവിത്ത് പാകുക. ഏക്കറിൽ 10 ടണ്ണോളം വളച്ചെടികൾ വളർന്നാൽ യൂറിയയുടെ ഉപയോഗം കുറയ്‌ക്കാം. മണ്ണുപരിശോധനയിൽ ഫോസ്‌ഫേറ്റിന്റെ അംശം കൂടുതൽ കാണുന്ന സ്ഥലമാണ് എലവഞ്ചേരി.
അതിനാൽ ഫോസ്‌ഫേറ്റ് വളം കുറയ്ക്കാം. ഏക്കറിന് 40,000 രൂപയോളമാണ് ഒരു സീസണിൽ ചെലവ് വരിക.
ഏക്കറിന് ഒന്നാംവിളയിൽ 2,200 കിലോയും രണ്ടാംവിളയിൽ 2,500 മുതൽ 2,800 കിലോവരെയുമാണ് ഉൽപ്പാദനം. ഒരു സീസണിൽ 40 ടണ്ണാണ് ഷാബുമോൻ ഉൽപ്പാദിപ്പിക്കുന്നത്.
ഉമ വിത്താണ് ഉപയോഗിക്കുന്നത്. കിലോയ്‌ക്ക് 35 രൂപയാണ് വില. സപ്ലൈകോയ്‌ക്ക് 28.32 രൂപയ്‌ക്ക് നെല്ല് നൽകും. ഏക്കറിന് 65,000 മുതൽ 77,000 രൂപവരെ ലഭിക്കും. രണ്ട് സീസണിലായി ഏക്കറിന് 50,000 മുതൽ 70,000 രൂപവരെ ആദായമുണ്ടാക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..