എ തുളസീദാസ്
കൊല്ലങ്കോട്
ഓണത്തിന് പൂക്കളം പൂർത്തിയാകണമെങ്കിൽ അതിനൊപ്പം മാതേവരും വേണം. പല്ലശന കണ്ണനൂർപ്പാടത്ത് ജില്ലയിലേക്കാവശ്യമുള്ള മാതേവരുകൾ ഒരുങ്ങി. വരുംദിവസങ്ങളിൽ കടകളിലും വഴിയോരങ്ങളിലും ഇവ സ്ഥാനംപിടിക്കും.
പൂക്കളമൊരുങ്ങുമ്പോൾ മധ്യകേരളത്തിലെ ഏറ്റവും പ്രധാന ചടങ്ങാണ് മാതേവരെ വയ്ക്കൽ. കളിമണ്ണുകൊണ്ട് ചതുഷ്‌കോണത്തിലാണ് മാതേവരെ നിർമിക്കുന്നത്. ഗുണനിലവാരമുള്ള കളിമണ്ണിലെ കല്ലും മാലിന്യവും കളഞ്ഞ് നനച്ചാണ് മാവേലി രൂപം തയ്യാറാക്കുക. ഒരാഴ്ച ഉണക്കിയെടുത്ത് കാവി നിറം തേച്ചുപിടിപ്പിച്ചശേഷം വീണ്ടും ഉണക്കാൻ വയ്ക്കും. ഓണം കഴിഞ്ഞാൽ ഇവ മഴയിൽ മണ്ണിൽ അലിഞ്ഞുചേരണമെന്നാണ് ഐതിഹ്യം.
മൂന്ന് വലുതും നാല് ചെറുതുമടങ്ങുന്ന ഒരു സെറ്റ് മാതേവർക്ക് 250 രൂപയാണ് വില. ഇവ അരിമാവിൽ അണിയിച്ചൊരുക്കി പൂവ് ചൂടിച്ചാണ് ഉത്രാടനാളിൽ വീടുകളിലും സ്ഥാപനങ്ങളിലും വയ്ക്കുക. ആദ്യകാലങ്ങളിൽ ഉത്രാടദിവസം വീട്ടിലെ മുതിർന്ന സ്ത്രീകളാണ് കളിമണ്ണിൽ മാവേലിയെ നിർമിച്ചിരുന്നത്. കുട്ടികളും സഹായിക്കാൻ കൂടും. കാലം മാറിയതോടെ മാതേവർ വിപണിയിലുമെത്തി. ഇത് മൺപാത്ര തൊഴിലാളികൾക്ക് അനുഗ്രഹമായി. ഓണച്ചെലവ് മാതേവർ വിപണനത്തിലൂടെ കണ്ടെത്താനാകുന്നുണ്ട്. വീടുകൾതോറും കയറിയിറങ്ങിയും വിൽപ്പനയുണ്ട്. സൂപ്പർമാർക്കറ്റുകളിലും ലഭിക്കും. ഇക്കൊല്ലം നല്ല വിൽപ്പനയാണ് പ്രതീക്ഷിക്കുന്നതെന്ന് മൺപാത്ര നിർമാണത്തൊഴിലാളി കമലം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..