പാലക്കാട്
തെരഞ്ഞെടുപ്പ് വേളയിൽ നാട്ടിലാകെയുള്ള സ്വീകരണത്തിൽനിന്ന് തികച്ചും വ്യത്യസ്‌തമായ ഒന്നായിരുന്നു കെ രാധാകൃഷ്‌ണൻ എംപിക്ക് ചൊവ്വാഴ്‌ച ലഭിച്ചത്. ‘കോൺഗ്രസ് കോട്ട’യെന്ന പഴയ വിശേഷണം മായ്‌ച്ച പെരിങ്ങോട്ടുകുറുശി ഹൃദയപൂർവം പ്രിയ ജനപ്രതിനിധിയെ വരവേറ്റു.
കോൺഗ്രസിന്റെ നെറികേടുകൾക്കെതിരെ ശബ്ദമുയർത്തി രാജിവച്ച് പുറത്തുവന്ന മുൻ എംഎൽഎയും ഡിസിസി പ്രസിഡന്റുമായിരുന്ന എ വി ഗോപിനാഥിന്റെ നേതൃത്വത്തിൽ നിരവധിപേർ കോൺഗ്രസ് വിട്ടതോടെ പെരിങ്ങോട്ടുകുറുശി പഞ്ചായത്ത് ഭരണസമിതിയും കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച് ഇടതുപക്ഷത്തിന്റെ തണലിൽ ചേക്കേറി. ഇപ്പോൾ ഇടതുപക്ഷ സഹയാത്രികരാണ് എ വി ഗോപിനാഥും മറ്റ് കോൺഗ്രസ് നേതാക്കളും. എംപിയായ ശേഷം കെ രാധാകൃഷ്‌ണന് മികച്ച സ്വീകരണം ഒരുക്കണമെന്ന് നേരത്തേതന്നെ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായിരുന്നു ചൊവ്വാഴ്‌ചത്തെ വരവേൽപ്പ്.
പഞ്ചായത്തിൽ എസ്‌എസ്‌എൽസി, പ്ലടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കലും കെ രാധാകൃഷ്‌ണൻ എംപി ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് അങ്കണത്തിൽ എത്തിയ കെ രാധാകൃഷ്‌ണനെ മുൻ പഞ്ചായത്ത് പ്രസിഡന്റുകൂടിയായ എ വി ഗോപിനാഥ് സ്വീകരിച്ചു. പി പി സുമോദ് എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി എ അനിതാനന്ദൻ എന്നിവരും ഒപ്പമുണ്ടായി. സ്വീകരണ യോഗത്തിൽ പ്രസിഡന്റ് കെ എം കേരളകുമാരി അധ്യക്ഷയായി. എ വി ഗോപിനാഥ് സ്വാഗതം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെരിങ്ങോട്ടുകുറുശി പഞ്ചായത്ത് നൽകുന്ന ഒരു ലക്ഷം രൂപ പി പി സുമോദ് എംഎൽഎ പ്രസിഡന്റിൽനിന്ന് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് സി പി പൗലോസ്, അംഗങ്ങളായ ആർ രാജേഷ്, ഇ ആർ രാംദാസ്, കെ എം പ്രമോദ്, ആർ സന്തോഷ്, ആർ ബാലുരേഖ, സി രമണി, സെക്രട്ടറി ഹരിമോഹൻ ഉണ്ണികൃഷ്‌ണൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..