23 November Saturday
അവഗണനയിൽ അഞ്ചുവിളക്ക്

രത്നവേലു ചെട്ടിയാരുടെ ജീവത്യാഗത്തിന്‌ 139 വയസ്സ്‌

ശരത്‌ കൽപ്പാത്തിUpdated: Monday Sep 28, 2020
പാലക്കാട് 
പാലക്കാട്‌ നഗരത്തിന്റെ അടയാളമാണ്‌ അഞ്ചുവിളക്ക്‌. ഇത്‌‌ സ്ഥാപിക്കാൻ ഇടയാക്കിയതിനുപിന്നിൽ ഒരു മനുഷ്യന്റെ ജീവത്യാഗമുണ്ട്–- രത്നവേലു ചെട്ടിയാർ. സംയുക്ത മദിരാശി സംസ്ഥാനത്തിലെ ആദ്യ സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 
ഇംഗ്ലണ്ടിൽനിന്ന് ബാർ അറ്റ് ലോ പാസായിട്ടുണ്ട്‌. ബ്രിട്ടീഷുകാരനായ മലബാർ കലക്ടർ പാലക്കാട് സന്ദർശിച്ചപ്പോൾ ഹെഡ്‌ അസി. കലക്ടറായിരുന്ന രത്‌നവേലു ചെട്ടിയാർ അദ്ദേഹത്തെ ഹസ്തദാനം നൽകി സ്വീകരിച്ചു. ഇത്‌ സായിപ്പിന് ഇഷ്ടപ്പെട്ടില്ല. സായിപ്പ് തന്റെ കൈ കുടഞ്ഞ് വെള്ളമെടുത്ത് കഴുകി. വർണവെറിയുടെയും വംശീയതയുടെയും അപമാനം താങ്ങാനാവാതെ രത്‌നവേലു ചെട്ടിയാർ ആത്മഹത്യ ചെയ്തു. 1881 സെപ്തംബർ 28നാണ് സംഭവം. 1892ൽ നാട്ടുകാരനായ റാവു ബഹദൂർ ചിന്നസ്വാമി പിള്ള നഗരസഭാ ചെയർമാനായി. 
അദ്ദേഹമാണ്‌ രത്‌നവേലു ചെട്ടിയാരുടെ സ്മരണയ്‌ക്ക്‌ അഞ്ചുവിളക്ക്‌ സ്ഥാപിച്ചത്‌. നാട്ടുകാരിൽനിന്ന് പണംപിരിച്ചാണ്‌ കോട്ടമൈതാനത്തോടു ചേർന്ന്‌ വിളക്ക് സ്ഥാപിച്ചത്. അഞ്ചുവിളക്ക് എടുത്തുമാറ്റണമെന്ന് ബ്രിട്ടീഷുകാരനായ കലക്ടർ ഉത്തരവിട്ടു. എന്നാൽ, നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങിയതോടെ ഉത്തരവ് റദ്ദാക്കി. കീഴ്‌ജാതിയിൽപ്പെട്ട രത്നവേലു ചെട്ടിയാർ എന്ന ഉദ്യോഗസ്ഥനോട് ബ്രിട്ടീഷുകാർ കാണിച്ച അവഗണനയും അതിനെതിരായ നാടിന്റെ ചെറുത്തുനിൽപ്പും അഞ്ചുവിളക്കിൽ തെളിയുന്നുണ്ട്‌. 
രത്‌നവേലു ചെട്ടിയാർ ഓർമയായിട്ട്‌ തിങ്കളാഴ്‌ച 139 വർഷം തികയുന്നു‌. നാടിന്റെ അടയാളമായി തലയുയർത്തിനിൽക്കുന്ന അഞ്ചുവിളക്ക്‌ അവഗണനയുടെ നടുവിലാണ്‌. സ്‌മാരകത്തോട്‌ മുഖംതിരിക്കുന്ന സമീപനമാണ്‌ ബിജെപി നേതൃത്വത്തിലുള്ള നഗരസഭാ ഭരണസമിതിക്ക്‌. 2018ൽ അഞ്ചുവിളക്ക് സ്മാരകം പുനർനിർമാണമെന്ന പേരിൽ കാവിവൽക്കരിക്കാൻ നഗരസഭ ശ്രമിച്ചു. നാടിന്റെ ചെറുത്തുനിൽപ്പിനെത്തുടർന്നാണ്‌ ആ നീക്കം പൊളിഞ്ഞത്‌.
നിലവിൽ വിളക്കുകൾ മുഴുവൻ കത്തുന്നില്ല. ചുറ്റുവേലി വാഹനമിടിച്ച് തകർന്നിട്ട് രണ്ടുവർഷമായി. ടൈലുകൾ ഇളകി. ഇതുവരെ പുനർനിർമിക്കാനോ നടപടിയെടുക്കാനോ നഗരസഭ തയ്യാറായിട്ടില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top