പാലക്കാട്
വൃത്തിയുള്ള പരിസരവും മികച്ച അന്തരീക്ഷവും നാടിനെയും വിദ്യാലയങ്ങളെയും മനോഹരമാക്കും. ഒപ്പം നാടിന്റെ നന്മയ്‌ക്കായുള്ള പോരാട്ടത്തിൽ വിദ്യാർഥികൾക്കും പങ്കാളികളാകാം. നവകേരള മിഷൻ മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കേരളപ്പിറവി ദിനത്തിൽ ജില്ലയിലെ 600 സ്‌കൂളുകളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കും. മാർച്ച് മുപ്പതോടെ ജില്ലയിലെ മുഴുവൻ സ്‌കൂളുകളും ഹരിത വിദ്യാലയങ്ങളാകും. ഇതിന്റെ ഭാഗമായി ശുചീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ പുരോഗമിക്കുന്നു. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ പ്രഖ്യാപനത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി.
ഇതിനൊപ്പം ജില്ലയിലെ അഞ്ച് ടൂറിസം കേന്ദ്രങ്ങളെയും ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കും. മലമ്പുഴ, വെള്ളിയാങ്കൽ, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, മംഗലം ഡാം എന്നീ കേന്ദ്രങ്ങളെയാണ് ഹരിത ടൂറിസം കേന്ദ്രങ്ങളാക്കി പ്രഖ്യാപിക്കുക. മംഗലം ഡാമിന്റെ പ്രഖ്യാപനം ഗാന്ധിജയന്തി ദിനത്തിലും ബാക്കി നാലെണ്ണം കേരളപ്പിറവി ദിനത്തിലുമുണ്ടാകും.
ജില്ലയിലെ 25 ശതമാനം ടൂറിസം കേന്ദ്രങ്ങളെ ഡിസംബർ 31 നകവും 50 ശതമാനം കേന്ദ്രങ്ങളെ ജനുവരി 26നകവും മുഴുവൻ കേന്ദ്രങ്ങളെയും മാർച്ച് മുപ്പതോടെയും ഹരിതടൂറിസം കേന്ദ്രങ്ങളാക്കി പ്രഖ്യാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..