23 December Monday

പണം വാരാല്ലോ

ശിവദാസ്‌ തച്ചക്കോട്‌Updated: Monday Oct 28, 2024

കണ്ണമ്പ്ര മാങ്ങോട്ടിലെ നായ്‌ക്കുരണക്കൃഷിയിടത്തിൽ ജെലിനും സിനോജും

 

വടക്കഞ്ചേരി
ഔഷധസസ്യമാണ് നായ്‌ക്കുരണച്ചെടിയെങ്കിലും ചൊറിയുമെന്നതിനാൽ അടുത്തേക്ക് പോകാൻ ഒന്നുമടിക്കും. വീടിന്റെ പരിസരങ്ങളിലും മറ്റും കണ്ടാൽ വേരോടെ നശിപ്പിക്കുകയും ചെയ്യും. എന്നാൽ കണ്ണമ്പ്ര മാങ്ങോട്ടെത്തിയാൽ ഒന്നരയേക്കറിൽ നട്ടുവളർത്തിയ നായ്‌ക്കുരണത്തോട്ടം കാണാം. പൊടി തട്ടുമെന്നോ ചൊറിയുമെന്നോ പേടിയില്ലാതെ ഉടമ പി ജെ ജെലിനും തോട്ടം സൂപ്പർവൈസർ എ ടി സിനോജും കൃഷിപരിപാലനവുമായി ഇതിനുള്ളിലുണ്ടാകും. 
അഞ്ചുവർഷംമുമ്പ് തുടങ്ങിയ ആഗ്രഹം യുവകർഷകനായ ജെലിൻ പരീക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഓൺലൈനായും കൃഷി ഉദ്യോഗസ്ഥരിൽനിന്നുമെല്ലാം കൃഷിയെക്കുറിച്ച് പഠിച്ചു. മാങ്ങോട്ടിൽ ആറേക്കർ സ്ഥലം ജെലിൻ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നുണ്ട്. ഇതിൽ ഒന്നരയേക്കറിൽ നാലുമാസംമുമ്പ് നായ്‌ക്കുരണയുടെ വിത്തുകൾ പാകി. ഇതിനായി വിത്തുകൾ പ്രത്യേകം ശേഖരിച്ചു. നിലവിൽ പന്തൽ നിറയെ നായ്ക്കുരണ കായ്ച്ചുതുടങ്ങി. രണ്ടുമാസംകൂടി കഴിഞ്ഞാൽ വിളവെടുപ്പിന് പാകമാകുമെന്ന് ജെലിൻ പറയുന്നു. വിളവെടുപ്പ് വെല്ലുവിളിയാണെങ്കിലും ദേഹം പൂർണമായും മറച്ച് സുരക്ഷിതമായി വിളവെടുക്കാനുള്ള സജ്ജീകരണങ്ങൾ ജെലിൻ ഒരുക്കിയിട്ടുണ്ട്. അതിരാവിലെയാണ് ഇവ വിളവെടുക്കുക. കായ ഉണക്കി കുരുവെടുത്ത് പാലിൽ പുഴുങ്ങി ഉണക്കിപ്പൊടിച്ച് വിപണിയിൽ എത്തിക്കാനാണ് ജെലിന്റെ തീരുമാനം. നായ്ക്കുരണപ്പൊടിക്ക് കിലോഗ്രാമിന് 4,000 മുതൽ 5,000 വരെ വിലയുണ്ട്‌. ഒന്നരയേക്കറിൽനിന്ന് 750 കിലോ പൊടി ഉൽപ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.
മുക്യുന പ്യൂരിയൻസ് ( Mucuna Pruriens) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന നായ്ക്കുരണയെ ഹെർബൽ വയാഗ്ര എന്നും പറയാറുണ്ട്. നാഡിതളർച്ച, ഉത്തേജന പ്രശ്നങ്ങൾ, പ്രമേഹം, രക്തവാതം, സന്ധിവാതം, പേശീതളർച്ച, ഉദരരോഗങ്ങൾ, വിരശല്യം, ക്ഷയം തുടങ്ങിയ അസുഖങ്ങൾക്കെല്ലാം ഫലപ്രദമാണ്. നാല് ആവരണങ്ങളോടെ പയർ രൂപത്തിൽ കാണപ്പെടുന്ന നായ്ക്കുരണയുടെ വേര്, വിത്ത്, ഫലരോമങ്ങൾ എന്നിവയെല്ലാം ഔഷധഗുണമുള്ളതാണ്. കേരളത്തിൽ അപൂർവമായ നായ്‌ക്കുരണക്കൃഷിയിലൂടെ വൻ ലാഭമുണ്ടാക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ. തൃശൂർ ആമ്പല്ലൂർ മണ്ണംപേട്ട സ്വദേശിയായ ജെലിൻ നെല്ലിയാമ്പതിയിലും കിഴക്കഞ്ചേരിയിലും സ്ഥലം പാട്ടത്തിനെടുത്ത് കാപ്പി, കുരുമുളക്, അടയ്ക്ക, കൈതച്ചക്ക തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top