05 November Tuesday
വഴിയടച്ച്‌ റെയിൽവേ

തരിശായി 150 ഏക്കർ

സ്വന്തം ലേഖകൻUpdated: Monday Jul 29, 2024

കല്ലൻപുഴ ചാലിൽ റെയിൽവേ സ്ഥാപിച്ച കുറ്റി

പുതുപ്പരിയാരം
റെയിൽവേ വഴി കെട്ടിയടച്ചതോടെ 150 ഏക്കറിൽ കൃഷിയിറക്കാനാകാതെ നെൽക്കർഷകർ. പുതുപ്പരിയാരം വാർക്കാട് പാടശേഖരത്തിൽ 50 ഏക്കർ, പാർലോടി പാടശേഖരത്തിലെ 60 ഏക്കർ, പറളിയിലെ 40 ഏക്കർ ഉൾപ്പെടെ 150 ഏക്കർ ഇരുപ്പൂവൽ കൃഷിഭൂമിയാണ് റെയിൽവേ വഴിയടച്ചതോടെ തരിശുനിലമായി.
ട്രാക്‌ടർ ഉൾപ്പെടെ കാർഷികാവശ്യങ്ങൾക്കുള്ള വണ്ടിയും കാർഷികോപകരണങ്ങളും കൃഷിയിടത്തിലേക്ക് കാലങ്ങളായി കൊണ്ടുപോയിരുന്നത് വാർക്കാട്ടുനിന്ന് റെയിൽ ട്രാക്കിന് താഴ്‌വശത്തെ വഴിയിലൂടെയാണ്. ഈ വഴി റെയിൽവേ നാലുമാസംമുമ്പ് പൂർണമായി തടഞ്ഞു. 10 ദിവസംമുമ്പ് റെയിൽവേ ട്രാക്കിന്റെ മറുഭാഗത്തെ കൃഷിഭൂമിയിലേക്കുള്ള ഏകമാർഗമായ കല്ലൻപുഴ ഓവുചാലിന്റെ നടുവിൽ റെയിൽക്കുറ്റി സ്ഥാപിച്ച് ഈ വഴിയും മുടക്കി.
വർഷങ്ങളായി ഉപയോഗിച്ചിരുന്ന വഴി റെയിൽവേ അടച്ചതോടെ, 15 കർഷകർ നെൽക്കൃഷി ചെയ്യാനാകാതെ ഭൂമി തരിശിട്ടിരിക്കുകയാണ്‌. ഇതിന് പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്ന്‌ കർഷകസംഘം ആവശ്യപ്പെട്ടു. കല്ലൻപുഴ ചാലിൽ സ്ഥാപിച്ച കുറ്റി മാറ്റി ആഴം കൂട്ടണം. പള്ളത്ത് തടയണയുടെ ബണ്ടിന്റെ വീതി കൂട്ടണം. കാവിൽപ്പാട്ടിൽനിന്ന് പടതോണിവരെയുള്ള പാടശേഖരങ്ങളിലേക്ക്‌ പുതിയ റോഡ് നിർമിക്കണമെന്ന്‌ കഴിഞ്ഞ ദിവസം പാടശേഖരം സന്ദർശിച്ച കർഷകസംഘം നേതാക്കൾ ആവശ്യപ്പെട്ടു. പാടശേഖരങ്ങളിലേക്ക്‌ എത്താൻ സൗകര്യമില്ലാത്ത സാഹചര്യം തുടർന്നാൽ തെങ്ങ്, കവുങ്ങ്, മാവ് ഉൾപ്പെടെയുള്ള മറ്റ് കൃഷികളിലേക്ക് കടക്കുമെന്ന് കർഷകർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top