23 December Monday

സിജോയുടെ വർണസ്വപ്നം

എസ്‌ സുധീഷ്‌Updated: Thursday Aug 29, 2024

സിജോ ചെണ്ടുമല്ലിത്തോട്ടത്തിൽ

ചിറ്റൂർ
പ്രവാസ ജീവിതം മതിയാക്കി സിജോ പറന്നിറങ്ങിയത് പുഷ്‌പകൃഷിയിലേക്ക്. എംബിഎ പഠനത്തിനുശേഷം 12 വർഷം യുഎഇയിൽ ബിസിനസ് ചെയ്യുമ്പോഴും തൃശൂർ ചിറപറമ്പിൽ സിജോ ഷൗക്കത്തിന്റെ(34) മനസ് നിറയെ നാടും കൃഷിയുമായിരുന്നു. പിന്നീട് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഇനിയെന്ത് എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നില്ല. പച്ചക്കറിയും പൂക്കളും കൃഷിചെയ്യാൻ തീരുമാനിച്ചു.  കുടുംബവകയായി കൊഴിഞ്ഞാമ്പാറ തെനകുളത്തുള്ള 18 ഏക്കറിൽ രണ്ടര ഏക്കർ പാട്ടത്തിനെടുത്താണ്‌ വിളവിറക്കിയത്‌. രണ്ട് ഏക്കറിൽ ചെണ്ടുമല്ലിയും അരയേക്കറിൽ പച്ചക്കറിക്കൃഷിയുമാണ്. 4000 ചെണ്ടുമല്ലിത്തൈകളാണ്‌ നട്ടത്‌. പച്ചക്കറിയിൽ വെണ്ടയും വഴുതനയുമാണ്‌ പ്രധാനം. മണ്ണുത്തിയിൽ നിന്നാണ് ചെണ്ടുമല്ലിത്തൈകളും പച്ചക്കറി വിത്തും എത്തിച്ചത്.  
തൃശൂരിലാണ്‌ വീടെങ്കിലും വിളവെടുപ്പ് അടുത്തതോടെ ഭാര്യ ഹിബ, മകൻ രണ്ടു വയസുകാരൻ ആദിൻ എന്നിവർക്കൊപ്പം താമസം കൊഴിഞ്ഞാമ്പാറയിലേക്ക് മാറ്റി. 
നിലമൊരുക്കൽ, വളം, വിത്ത്, കൂലി എന്നിവയ്ക്കായി ഏകദേശം മുപ്പതിനായിരം രൂപ ചെലവിട്ടു. ഒരു ഏക്കറിനിന്‌ നാല് ടൺ ചെണ്ടുമല്ലിപ്പൂവ്‌ ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. ഓണവിപണി ലക്ഷ്യമാക്കിയായിരുന്നു കൃഷിയെങ്കിലും കാലാവസ്ഥ അനുകൂലമായതോടെ പൂക്കൾ നേരത്തേ  വിളവെടുപ്പിന് പാകമായി. പ്രാദേശികമായാണ് വിൽപ്പന. കിലോയ്ക്ക് 40 രൂപ ലഭിക്കുന്നുണ്ട്. ഓണം എത്തുന്നതോടെ വില ഉയരുമെന്ന പ്രതീക്ഷയിലാണ്‌ സിജോ. പൂർണ പിന്തുണ നൽകി കൊഴിഞ്ഞാമ്പാറ കൃഷിഭവനിലെ കൃഷി ഓഫീസർ എ ജെസി, അസി. കൃഷി ഓഫീസർ കെ എസ് പ്രകാശൻ, അസിസ്റ്റന്റുമാരായ ആർ പ്രിൻസി, പി ഗീത എന്നിവരുമുണ്ട്. കൃഷിക്ക്‌ സർക്കാർ സബിസിഡിയായി 18,000 രൂപ നൽകിയിട്ടുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top