22 November Friday
സംസ്ഥാന സർക്കാർ പദ്ധതിക്ക്‌ അംഗീകാരം

അടിമുടി മാറും പാലക്കാട്

വേണു കെ ആലത്തൂർUpdated: Thursday Aug 29, 2024

കോയമ്പത്തൂർ----–കൊച്ചി വ്യവസായ ഇടനാഴിക്കായി കിൻഫ്ര ഏറ്റെടുത്ത 
പുതുശേരി വില്ലേജിലെ ഭൂമി

 
പാലക്കാട്‌
ജില്ലയുടെ വ്യവസായ പുരോഗതിക്ക്‌ ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ച കോയമ്പത്തൂർ –- കൊച്ചി വ്യവസായ ഇടനാഴി യാഥാർഥ്യമാകുന്നു. ഒന്നാംഘട്ട പദ്ധതിക്ക്‌ കേന്ദ്രാനുമതി ലഭിച്ചതോടെ ഇനിയുള്ള നടപടികൾ വേഗത്തിലാകും. 
പദ്ധതി നടപ്പാക്കാൻ പുതുശേരി, കണ്ണമ്പ്ര പഞ്ചായത്തുകളിലായി 1710 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ്‌ സംസ്ഥാന സർക്കാർ തീരുമാനിച്ചത്‌. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ നടപടികൾ തുടങ്ങാനിരിക്കെ കോവിഡ്‌ വന്നതോടെ മന്ദഗതിയിലായി. പിന്നീട്‌ 2022 നവംബറിൽ ഭൂമി ഏറ്റെടുക്കൽ പുനരാരംഭിച്ചു. 2023 ജൂണിൽ പൂർത്തിയായി. രണ്ട്‌ പഞ്ചായത്തുകളിലായി 1237 ഏക്കർ ഏറ്റെടുത്തു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനിടയിലും ഭൂമിവിലയായി 1344 കോടി രൂപ സംസ്ഥാന സർക്കാർ ഉടമകൾക്ക്‌ നൽകി. സംസ്ഥാന വ്യവസായവകുപ്പിന്‌ കീഴിലുള്ള കിൻഫ്രയാണ്‌ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കിയത്‌. 
ചെന്നൈ–- ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിവരെ നീട്ടാനാണ്‌ സംസ്ഥാന സർക്കാർ പദ്ധതി സമർപ്പിച്ചത്‌. കേന്ദ്ര–- സംസ്ഥാന സംയുക്ത പദ്ധതിയാണ്‌ വിഭാവനം ചെയ്‌തത്‌. അതിനാൽ പകുതിവിഹിതം സംസ്ഥാന സർക്കാർ വഹിക്കണം. എന്നാൽ, കേന്ദ്ര അനുമതി കിട്ടുന്നതിന്‌ മുമ്പുതന്നെ ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയും നടപടി തുടങ്ങുകയും ചെയ്‌തു. വിഴിഞ്ഞം തുറമുഖം, വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ എന്നിവയുമായി ബന്ധപ്പെട്ട്‌ ചരക്ക്‌ നീക്കം സുഗമമാകുന്നതോടെ കൊച്ചി, കഞ്ചിക്കോട്‌ മേഖലകളിൽ പുതിയ സംരംഭങ്ങൾ ഉയരും. പതിനായിരം പേർക്ക്‌ നേരിട്ടും അമ്പതിനായിരംപേർക്ക്‌ പരോക്ഷമായും ജോലി ലഭിക്കും.
പദ്ധതിക്കായി ആകെ വേണ്ടിവരുന്ന സ്ഥലം 2185 ഏക്കറാണ്‌. ഇതിൽ 1710 ഏക്കറാണ്‌ ഒന്നാംഘട്ടം ഏറ്റെടുക്കുക. രണ്ടാംഘട്ടമായി ഗ്ലോബൽ സിറ്റി നടപ്പാക്കും. ഇതോടെ വിവരസാങ്കേതിക വിദ്യയുടെയും സാമ്പത്തിക–-വ്യവസായ ഹബ്ബായും പാലക്കാട്‌ ജില്ല മാറും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top