19 September Thursday

യൂത്ത്‌ കോൺഗ്രസിൽ അടി മൂത്തു

സ്വന്തം ലേഖകൻUpdated: Thursday Aug 29, 2024
 
പാലക്കാട്‌
യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വത്തിലെ ഗ്രൂപ്പ്‌ വഴക്ക്‌ മൂർധന്യത്തിൽ. ജില്ലാ പ്രസിഡന്റ്‌ കെ എസ്‌ ജയഘോഷ്‌ മുൻകൈയെടുത്ത്‌ ഗ്രൂപ്പ്‌ യോഗം ചേർന്നതോടെ തർക്കം മൂർച്ഛിച്ചു.  എ ഗ്രൂപ്പിൽപ്പെട്ടവരാണ്‌ യോഗത്തിൽ പങ്കെടുത്തത്‌. ഷാഫി പറമ്പിൽ എംപിയാണ്‌ ഇതിന്‌ പിന്നിലെന്ന്‌ മറുവിഭാഗം ആരോപിച്ചു. 
പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ   ഷാഫി പറമ്പിലിന്റെ നോമിനിയായി സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തെ സ്ഥാനാർഥിയാക്കാൻ നീക്കം തുടങ്ങിയിട്ട്‌ നാളുകളായി. ഇതിനെതിരെ ഡിസിസി പ്രസിഡന്റ്‌ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. 
കെഎസ്‌യു പോലും തന്റെ ഉള്ളംകൈയിലാണെന്ന്‌ ഡിസിസിയെയും സംസ്ഥാന നേതൃത്വത്തെയും ധരിപ്പിക്കാനുള്ള ശ്രമങ്ങളും ഇതിനിടെ ഷാഫിയുടെ ഭാഗത്തുനിന്നുണ്ടായി. 
ജില്ലയിലെ കെഎസ്‌യു നേതൃത്വത്തെക്കൊണ്ട്‌ രാജിവയ്‌പിച്ചതും ഷാഫിയുടെ തന്ത്രമാണ്‌. ഇതിൽ അന്വേഷണ കമീഷനെ നിയോഗിച്ചെങ്കിലും ഷാഫിക്ക്‌ അനുകൂലമായിരുന്നു  നടപടി. പല രഹസ്യ ഗ്രൂപ്പ്‌ യോഗങ്ങളിലും രാഹുൽ മാങ്കൂട്ടത്തെ പങ്കെടുപ്പിക്കുന്നുമുണ്ട്‌. 
ഗ്രൂപ്പ്‌ യോഗം വിളിച്ചുചേർത്ത ഷാഫി പക്ഷക്കാരനായ ജയഘോഷിനെതിരെ ദേശീയ നേതൃത്വത്തിന്‌ ജില്ലയിലെ സംസ്ഥാന നേതാക്കളും ജില്ലാ ഭാരവാഹികളും പരാതി നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ്‌ ഷഫീഖ്‌, സംസ്ഥാന സെക്രട്ടറി അരുൺകുമാർ പാലാക്കുറുശി, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഇ കെ മുഹമ്മദ്‌ ജസീൽ, ജില്ലാ ജനറൽ സെക്രട്ടറി ജിസാൻ മുഹമ്മദ്‌ എന്നിവരാണ്‌ ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസന്‌ പരാതി നൽകിയത്‌. 
ഗ്രൂപ്പ്‌ പ്രവർത്തനവും ഏകാധിപത്യ പ്രവണതകളും അവസാനിപ്പിക്കണമെന്നാണ്‌ പരാതിയിലെ ഉള്ളടക്കം. യൂത്ത്‌ കോൺഗ്രസ്‌ ഗ്രൂപ്പ്‌ പോര്‌ ശക്തമാകുന്നത്‌ കോൺഗ്രസിനും തലവേദനയായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top