25 November Monday

ഒന്നാംവിള നെൽക്കൃഷിക്കായി മലമ്പുഴ അണക്കെട്ട്‌ ഇന്ന്‌ തുറക്കും

സ്വന്തം ലേഖകൻUpdated: Thursday Aug 29, 2024
 
പാലക്കാട്‌
ഒന്നാംവിള നെൽക്കൃഷിക്കായി മലമ്പുഴ അണക്കെട്ട്‌ വ്യാഴാഴ്‌ച തുറക്കും. നിയന്ത്രിത അളവിലായിരിക്കും വെള്ളം തുറന്നുവിടുക. മഴയുടെ അഭാവത്തിൽ നടീൽ നടത്തിയിട്ടുള്ള പാടങ്ങൾ ഉണങ്ങിപ്പോകുന്നതിനാൽ മലമ്പുഴ അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിടണമെന്ന്‌ ആലപ്പാടം, പാലക്കോട് പാടശേഖരസമിതി അഭ്യർഥിച്ചിരുന്നു. 
തുടർന്ന്‌ അസി. എക്സിക്യൂട്ടീവ് എൻജിനിയർ സ്ഥലപരിശോധന നടത്തിയിരുന്നു. സംഭരണശേഷിയുടെ 82ശതമാനം വെള്ളം അണക്കെട്ടിലുണ്ട്‌. അതുകൊണ്ട്‌ വെള്ളം തുറന്നുവിടുന്നതിൽ തടസ്സമില്ലെന്ന്‌ പരിശോധനാ സംഘം വിലയിരുത്തി. അണക്കെട്ടിന്റെ ഇടതുകര കനാൽ ഷട്ടറുകൾ വ്യാഴം രാവിലെ എട്ടിന്‌ നിയന്ത്രിത അളവിൽ തുറക്കും.  
ഇടതുകര കനാൽ പരിധിയിലെ ആയിരക്കണക്കിന്‌ ഹെക്‌ടർ പ്രദേശത്തെ കർഷകരാണ്‌ പ്രതിസന്ധിയിലായത്‌. മഴയെത്തുടർന്ന്‌ മുഞ്ഞ അടക്കമുള്ള കീടബാധ നേരിട്ടതോടെ മരുന്ന്‌ തെളിക്കാനായാണ്‌ പാടത്തുനിന്ന്‌ വെള്ളം തുറന്നുവിട്ടത്‌. പിന്നീട്‌ മഴ കുറഞ്ഞതോടെ പാടങ്ങളിൽ ഉണക്ക്‌ നേരിട്ടു. പല ഭാഗങ്ങളിലും മണ്ണ്‌ വീണ്ടുകീറി.
വെള്ളം ലഭിച്ചില്ലെങ്കിൽ ഉൽപ്പാദനത്തെ ബാധിക്കുന്ന അവസ്ഥയാണ്‌ പലയിടത്തും. വരുംദിവസങ്ങളിലും മഴ ലഭിച്ചില്ലെങ്കിൽ കനാൽ രണ്ടാഴ്‌ചത്തേക്ക്‌ തുറന്നുവയ്‌ക്കേണ്ടിവരും. മഴ ലഭിച്ചാൽ കനാൽ അടയ്‌ക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top