പാലക്കാട്
കുമരനെല്ലൂരിലെ അക്കിത്തത്തിന്റെ "ദേവായനം’ എന്ന തറവാട്ടിലേക്ക് പകൽ 12 കഴിഞ്ഞാണ് ഡൽഹിയിൽനിന്ന് പ്രതിഭാ റോയുടെ വിളിയെത്തിയത്. അക്കിത്തത്തിന്റെ ഇളയ മകൻ നാരായണൻ വിവരമറിഞ്ഞതും വിശ്രമത്തിലായിരുന്ന അച്ഛനോട് പറഞ്ഞു.
എല്ലാ പുരസ്‍കാരങ്ങളും ലഭിച്ചപ്പോഴുള്ള ചെറുപുഞ്ചിരി മാത്രമായിരുന്നു സാഹിത്യത്തിലെ ഏറ്റവും ഉന്നത പുരസ്‍കാര നേട്ടത്തിന്റെ വിവരമറിഞ്ഞപ്പോഴും കവിയുടെ മുഖത്ത്. കാവ്യയാത്രയിൽ അനുഗാമിയായ‘ദേവായനം’ അങ്ങനെ സ്വപ്‌നസാഫല്യത്തിന്റെ മറുപേരായി.
എല്ലാ ദിവസവും ഉച്ചയൂണ് കഴിഞ്ഞ് വിശ്രമിക്കുന്ന ശീലമുണ്ട് കവിക്ക്. പുരസ്‍കാര ദിവസവും വിശ്രമത്തിന് മാറ്റമുണ്ടായില്ല. പുരസ്‍കാര വിവരം മാധ്യമങ്ങളിൽ വാർത്തയായതോടെ ദേവായനത്തിലേക്ക് ആളുകളുടെ ഒഴുക്കുതുടങ്ങി. ദിവസവും വൈകിട്ട് നാലുവരെ വിശ്രമിക്കുന്ന കവി വെളളിയാഴ്‌ച ആ പതിവു തെറ്റിച്ച് ആളുകളെ സ്വീകരിച്ച് പൂമുഖത്ത് ചെറുപുഞ്ചിരിയോടെ ഇരുന്നു.
സമയമേറുന്തോറും നാട്ടുകാരും സാംസ്‍കാരിക പ്രവർത്തകരും അഭിനന്ദനവുമായി എത്തി.
മൂത്തമകൻ അക്കിത്തം വാസുദേവൻ ഗുജറാത്തിൽനിന്ന് വിളിച്ചു. വഡോദര യൂണിവേഴ്‍സിറ്റിയിലെ പ്രൊഫസറാണ് നാരായണൻ.
മക്കളായ പാർവതി, ഇന്ദിര, ശ്രീജ, ലീല എന്നിവരും എത്തി. മക്കളും കൊച്ചുമക്കളുമെത്തിയതോടെ കവിയുടെ മുഖത്ത് സന്തോഷം തിരതല്ലി. നിർത്താതെ ഫോൺ വിളികളായിരുന്നു ഈ സമയമത്രയും. മന്ത്രിമാരായ എ കെ ബാലൻ, സി രവീന്ദ്രനാഥ് എന്നിവർ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.
സംസാരിക്കാനുള്ള ബുദ്ധിമുട്ടുണ്ടെങ്കിലും കുറേപേരോട് കവി സംസാരിച്ചു. പിന്നീട് മകൻ നാരായണനാണ് ഫോണിൽ വിളിച്ച പ്രമുഖരോടൊക്കെ സംസാരിച്ചത്.
ഇതിനിടയിൽ സ്‍പീക്കർ പി ശ്രീരാമകൃഷ്‍ണനും വി ടി ബൽറാം എംഎൽഎയും എത്തി.
അവർക്കൊപ്പവും കുറച്ചുനേരം ചെലവിട്ടു ഈ 93കാരൻ. അവശത കാരണം തിരക്കൊഴിയും മുമ്പ് വിശ്രമിക്കാൻ മുറിയിലേക്ക് പോയ കവിയുടെ കൈയിൽ പതിവുതെറ്റാതെ പുസ്‍തകവും ഉണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..