പാലക്കാട്
തിങ്കൾ ഉച്ചമുതൽ തുടങ്ങിയതാണ്. ചൊവ്വാഴ്ചയും തുള്ളിതോർന്നിട്ടില്ല. ആർത്തലച്ചെത്തിയ പേമാരിയിൽ ജില്ലയിൽ വെള്ളത്തിനൊപ്പം നാശവും ഉയരുന്നു. കാറ്റിലും മഴയിലും വീടിനുമുകളിലേക്ക് സമീപത്തെ മൺതിട്ട ഇടിഞ്ഞുവീണ് നെന്മാറയിൽ വയോധിക മരിച്ചു. ജില്ലയിൽ 35 ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 542 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്. ആളിയാർ, മീങ്കര, മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തി. തൃശൂർ–-ഷൊർണൂർ–-പാലക്കാട് റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കയറാടി വില്ലേജിലെ മൈലാടുംപരുത, ആലത്തൂർ വീഴുമല വാവേലി, കണ്ണമ്പ്ര കല്ലിങ്കൽപ്പാടം വാഴോട് എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പുതുശേരി, എലപ്പുള്ളി, കൊടുമ്പ് പഞ്ചായത്തുകളിലുൾപ്പെടെ ഏക്കറുകണക്കിന് നെൽക്കൃഷി വെള്ളത്തിനടിയിലായി. മിക്കയിടത്തും വയലുകൾ നിറഞ്ഞൊഴുകി റോഡുകളിൽ വെള്ളം കയറി. കൈവഴികളായ ഗായത്രിപ്പുഴയിലും തൂതപ്പുഴയിലും വെള്ളം ഉയർന്നതോടെ ഭാരതപ്പുഴ കരകവിഞ്ഞു. കൽപ്പാത്തിപ്പുഴയിൽ മുക്കൈ നിലംപതി പാലത്തിനുമുകളിലൂടെ വെള്ളമൊഴുകി ഗതാഗതം തടസ്സപ്പെട്ടു. ആളിയാറിൽനിന്ന് കൂടുതൽ വെള്ളം എത്തിയതോടെ ചിറ്റൂർപ്പുഴ നിറഞ്ഞു. ദേശീയപാത ആലത്തൂരിൽ വൻ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം മുടങ്ങി. മണ്ണാർക്കാട് കോഴിഫാമിൽ വെള്ളം കയറി ആയിരത്തോളം കോഴികൾ ചത്തു.
പാലക്കാട് പുത്തൂരിൽ വീടുകളിലേക്ക് വെള്ളം കയറി. 40 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ശംഖുവാരത്തോട് നിറഞ്ഞൊഴുകി തീരത്തുള്ളവരെ മാറ്റിപ്പാർപ്പിച്ചു. പട്ടാമ്പിയിലെ പാലം അടച്ചു. പുതുക്കോട് കെഎസ്‌ഇബിയുടെ ജീപ്പ് ഒലിച്ചുപോയി. റോഡിൽ വെള്ളക്കെട്ട് രൂക്ഷമായ സ്ഥലങ്ങളിൽ ബസ് സർവീസ് നിർത്തിവച്ചു. പലയിടത്തും മരം വീണ് തൂണുകൾ തകർന്നു. നിരവധിയിടങ്ങളിൽ കമ്പി പൊട്ടി വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..