ആലത്തൂർ
വീഴുമലയിൽ ഉണ്ടായത് അരമണിക്കൂർ നീണ്ട ഉരുൾപൊട്ടൽ. ചൊവ്വ രാവിലെ ഒമ്പതരയോടെയാണ് ഭയാനക ശബ്ദത്തോടെ വീഴുമലയിൽ ഉരുൾപൊട്ടിയത്. എട്ടിലധികം തവണ ശബ്ദം ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു. മലയോരത്ത് താമസിച്ച വാവേലി, എഴുത്തൻകാട്, കാട്ടുശേരി, ചെങ്കൽപ്പൊറ്റ എന്നിവിടങ്ങളിലെ 57 കുടുംബങ്ങളെ പഞ്ചായത്ത് നിർദേശത്തെ തുടർന്ന് മാറ്റിപ്പാർപ്പിച്ചതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. പ്രദേശവാസിയായ കെ ഡി പ്രസേനൻ എംഎൽഎയുടെ നേതൃത്വത്തിൽ അതിവേഗം രക്ഷാപ്രവർത്തനം നടത്തി. ദുരിതബാധിതരെ കാട്ടുശേരി ജിഎൽപിഎസിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കലക്ടർ എസ് ചിത്ര ക്യാമ്പിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
കൊല്ലങ്കോട്
അയിലൂർ പഞ്ചായത്തിലെ മാനംകെട്ടപൊറ്റ മണലൂർ ചള്ളയിൽ വനമേഖലയിൽ ഉരുൾപൊട്ടി. കല്ലും മണ്ണും മരങ്ങളും ഒഴുകിയെത്തി. റോഡും കൃഷിസ്ഥലങ്ങളും മണ്ണിനടിയിലായി. ചൊവ്വ രാവിലെ ഏഴിന് മലവാഴിക്കുന്നിലാണ് ഉരുൾപൊട്ടിയത്. ചെറിയ കാട്ടുചോല ഗതിമാറിയൊഴുകി. തിരുവഴിയാട് വില്ലേജ് അധികൃതരും പ്രദേശവാസികളും ചേർന്ന് 12 വീടുകളിലെ 30 പേരെ മാറ്റിപ്പാർപ്പിച്ചു. ഒലിപ്പാറ, തെങ്ങുംപാടം, പുത്തൻകാട് ഭാഗത്ത് കുടുങ്ങിയവരെ ഒലിപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. തെങ്ങുംപാടം പുഴയിലും സമീപത്തെ തോട്ടിലും വെള്ളംനിറഞ്ഞു. വീടുകളിൽ വെള്ളം കയറി. ഒമ്പതുപേർ വീട്ടിനുള്ളിൽ കുടുങ്ങി. കൊല്ലങ്കോട് അഗ്നിരക്ഷാസേന എത്തി ഇവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..