18 November Monday
ജല അതോറിറ്റി വെള്ളവുമെത്തിച്ചു

സി കേശവൻ സ്‌ക്വയർ - ഉടൻ തുറക്കും

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024
കോഴഞ്ചേരി
നിവർത്തന പ്രക്ഷോഭ നായകനായിരുന്ന സി കേശവന്റെ കോഴഞ്ചേരിയിലെ സ്‌മാരക സ്‌ക്വയറിന്റെ  നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. ഇനി ബാക്കിയുള്ളത് പുൽത്തകിടിയും ചെടികളും വെച്ച് സ്‌ക്വയർ മനോഹരമാക്കൽ മാത്രമാണ്. ഇതിന്‌ ദിവസങ്ങൾ മാത്രം മതിയാകുമെന്ന് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബിന്ദു എസ് കരുണാകരൻ പറഞ്ഞു. ജലസേചന സൗകര്യം ലഭിക്കാനുണ്ടായ കാലതാമസം മൂലം പുൽത്തകിടിയും ചെടികളും വെച്ച് സ്‌ക്വയർ മനോഹരമാക്കാനും താമസിച്ചു. കഴിഞ്ഞ ദിവസം സ്ക്വയറിലേക്ക്‌ ജലസേചനത്തിന്‌ റോഡ് മുറിച്ച്‌ പൈപ്പിടുന്ന പണി പൂർത്തിയാക്കി. ഒരുമാസത്തിനുള്ളിൽ പണി പൂർത്തിയാക്കി സ്‌ക്വയർ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാനാവുമെന്നാണ് പ്രതീക്ഷ.   
പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സി കേശവന്റെ വെങ്കല പ്രതിമയുടെ കേടുപാടുകൾ മാറ്റി നവീകരിച്ച വെങ്കല പ്രതിമ ഇതിനോടകം സ്മാരക സ്‌ക്വയറിൽ പുനഃസ്ഥാപിച്ചു. പ്രതിമ സംരക്ഷിക്കാനുള്ള മേൽക്കൂരയും പണിതു. 
മുൻ തിരുകൊച്ചി മുഖ്യമന്ത്രിയും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന സി കേശവൻ 1935 മെയ് 13ന് കോഴഞ്ചേരിയിൽ നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തിന്റെ സ്മരണക്കായാണ് കോഴഞ്ചേരി സെൻട്രൽ ജങ്‌ഷനിൽ സി കേശവന്റെ വെങ്കല പ്രതിമയും സ്ക്വയറും സ്ഥാപിച്ചത്. പുനരുദ്ധാരണത്തിന്‌ മന്ത്രി വീണാ ജോർജിന്റെ തനത് ഫണ്ടിൽ നിന്നനുവദിച്ച ഇരുപത് ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്.
നിർമാണ മേൽനോട്ടം ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിനായിരുന്നു. വൈദ്യുതീകരിച്ച്‌, ചുറ്റുമതിൽ കെട്ടി ആകർഷകമായ ചെടികളും പുൽത്തകിടിയും വച്ചു സ്‌ക്വയർ മനോഹരമാക്കുന്നതോടെ നഗരഹൃദയത്തിലുള്ള സി കേശവൻ സ്ക്വയർ കോഴഞ്ചേരിയുടെ മുഖമായി മാറും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top