25 November Monday
മൂന്ന്‌ കോടി രൂപ അനുവദിച്ചു

ഇട്ടിയപ്പാറയിൽ ആധുനിക ബസ് ടെർമിനൽ

സ്വന്തം ലേഖകൻUpdated: Tuesday Oct 1, 2024
റാന്നി
റാന്നി ഇട്ടിയപ്പാറ ആധുനിക ബസ് ടെർമിനൽ നിർമിക്കുന്നതിനായി എംഎൽഎ ഫണ്ടിൽ നിന്നും മൂന്ന്‌ കോടി രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ആദ്യഘട്ടമായി  സാമ്പത്തിക വർഷം രണ്ടു കോടി രൂപയാണ് ചെലവഴിക്കുക. 
ഒരു കോടി രൂപയ്ക്ക് മുകളിലുള്ള നിർമാണ പ്രവർത്തികൾക്ക് സംസ്ഥാന ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി ലഭിക്കേണ്ടതിനാൽ അനുമതിക്കായി  സമർപ്പിച്ചിരിക്കുകയാണ്.  രണ്ട് നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ ബസ് കാത്തിരിക്കുന്നതിനുള്ള സൗകര്യങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക വിശ്രമമുറികൾ,  പ്രത്യേക ശുചിമുറി ബ്ലോക്കുകൾ,  സ്ത്രീകൾക്ക് ഷീ ലോഡ്ജ്, ഓഫീസ് മുറി, റസ്റ്റോറന്റുകൾ, യാത്രക്കാർക്ക്  മഴ നനയാതെ ബസ്സിൽ കയറുന്നതിനുള്ള സൗകര്യങ്ങൾ എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്. സ്വകാര്യ ബസ്, -കെഎസ്ആർടിസി യാത്രക്കാർക്ക് ഒരുപോലെ പ്രയോജനം ചെയ്യത്തക്ക വിധം ആയിരിക്കും കെട്ടിടം നിർമിക്കുക. നിലവിൽ കെഎസ്ആർടിസി ബസ്‌ സ്‌റ്റാൻഡിൽ യാത്രക്കാർക്ക്  ബസ് കാത്തുനിൽക്കുന്നതിന് ആവശ്യമായ സൗകര്യം ഇല്ല.  
മഴ കൂടി പെയ്താൽ യാത്രക്കാരുടെ അവസ്ഥ ദയനീയമാണ്. സ്വകാര്യ ബസ്റ്റാൻഡ് വിദേശ മലയാളികൾ നിർമ്മിച്ചു നൽകിയ ബസ് ടെർമിനൽ മാത്രമാണ് ഉള്ളത്.  മിക്കപ്പോഴും യാത്രക്കാരുടെ ബാഹുല്യം മൂലം ഇത് മതിയാകാതെ വരുന്നു. ബസ് ടെർമിനൽ നിർമിക്കാൻ പഴവങ്ങാടി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം റവന്യൂ വകുപ്പ് അടയാളപ്പെടുത്തി നൽകിയിട്ടുണ്ട്. സ്ഥലം ലഭ്യമാക്കുന്നത് സംബന്ധിച്ച് കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നടപടികൾ വേഗത്തിൽ ആക്കണമെന്ന് കലക്ടർ പഞ്ചായത്ത്  ജോ ഡയറക്ടർക്ക് നിർദ്ദേശം നൽകി. കെട്ടിടം നിർമിക്കാൻ സ്ഥലം വിട്ടുനൽകിക്കൊണ്ട് പഴവങ്ങാടി പഞ്ചായത്തിന്റെ അനുമതി ലഭിച്ചാൽ ബാക്കി നടപടികൾ ആരംഭിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top