ചിറ്റാർ
അടവി കുട്ടവഞ്ചി കേന്ദ്രത്തോടനുബന്ധിച്ച് ആരണ്യകം കഫെയിൽ സഞ്ചാരികൾക്കായി വിഭവങ്ങൾ ഒരുങ്ങി. കെട്ടിലും മട്ടിലും അടിമുടി നവീകരിച്ച കഫെയിൽ ദീപാവലി ദിനത്തിൽ രാവിലെ എട്ടിന് പാലുകാച്ചൽ ചടങ്ങ് നടന്നു. തുടർന്ന് ആദ്യ വിൽപ്പന എലിമുള്ളും പ്ലാക്കൽ വിഎസ്എസ് മുൻ പ്രസിഡന്റ് കെ എൻ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
അടവി ടൂറിസം സെക്രട്ടറി അഖിൽ, വിഎസ്എസ് പ്രസിഡന്റ് അജികുമാർ എന്നിവർ സംസാരിച്ചു. പൂവ് പോലത്തെ ഇഡ്ഡലിയും പാലപ്പവും ചമ്മന്തിയും പൊറോട്ടയും ചിക്കൻ കറിയും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും മധുരം നിറഞ്ഞ സേമിയ പായസവുമാണ് വ്യാഴാഴ്ച്ച ഇവിടുത്തെ കലവറയിൽ ഒരുങ്ങിയത്. ഒമ്പത് വനിതകൾ അടങ്ങിയ സംഘമാണ് ആരണ്യകത്തിൽ ജോലി ചെയ്യുന്നത്. മൂന്നുപേർ വീതമുള്ള ഷിഫ്റ്റുകളായി ഓരോ ദിവസവും ക്രമീകരിച്ചാണ് ജോലി ചെയ്യുന്നത്.
വനിതകളുടെ വരുമാന ദായക പദ്ധതി കൂടിയാണിത്. കോന്നി വനം വികാസ് ഏജൻസിയാണ് കഫെയുടെ നടത്തിപ്പ്. തണ്ണിത്തോട് –- കോന്നി പ്രധാന റോഡിൽ മുണ്ടോംമൂഴിക്ക് സമീപം പേരുവാലിയിലാണ് കഫെ പ്രവർത്തിക്കുന്നത്. 28ന് ആണ് നവീകരിച്ച കഫെ മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..