22 December Sunday

ഇനി ഹരിതം 
20 തദ്ദേശ സ്ഥാപനങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024
പത്തനംതിട്ട
ജില്ലയിലെ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ആദ്യഘട്ടമായി ജില്ലയില്‍ 20 തദ്ദേശ സ്ഥാപനങ്ങള്‍ സമ്പൂര്‍ണ ഹരിത പദവി നേടി. മല്ലപ്പള്ളി ബ്ലോക്കും 19 ​പഞ്ചായത്തുകളുമാണ് ആദ്യഘട്ടത്തില്‍ ഹരിത പദവി നേടിയത്. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള എല്ലാ സർക്കാർ എയിഡഡ് വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി.   കുറ്റൂർ, എഴുമറ്റൂർ, വെച്ചൂച്ചിറ, മല്ലപ്പുഴശ്ശേരി, പുറമറ്റം, ചെറുകോൽ, കോഴഞ്ചേരി, റാന്നി, റാന്നിഅങ്ങാടി, വടശ്ശേരിക്കര, നാറാണംമൂഴി,  മല്ലപ്പള്ളി, കല്ലുപ്പാറ, കോട്ടങ്ങൽ, കൊറ്റനാട്, ആനിക്കാട്, കവിയൂർ, കുന്നന്താനം, തുമ്പമൺ, പള്ളിക്കൽ എന്നീ  പഞ്ചായത്തുകളിലാണ് എല്ലാ സ്കൂളുകളും ഹരിത വിദ്യാലയ പദവി നേടിത്.
ഒക്ടോബർ രണ്ടിന്  ആരോഗ്യ മന്ത്രി  വീണാജോർജ് ഉദ്ഘാടനം ചെയ്ത ജില്ലയിലെ ക്യാമ്പയിൻ പ്രവർത്തനം  ആദ്യഘട്ടം പൂർത്തിയാകുകയാണ്. തദ്ദേശസ്ഥാപനങ്ങൾ ഹരിത പദവി പ്രഖ്യാപനങ്ങൾ നവംബർ ഒന്നുമുതൽ നടത്തും. 
ഹരിത വിദ്യാലയം മാലിന്യമുക്തം
ജില്ലയിൽ ആകെ 424 വിദ്യാലയങ്ങളാണ് ആദ്യ ഘട്ടത്തിൽ ഹരിത വിദ്യാലയങ്ങളാവുക. ബ്ലോക്ക്, - പഞ്ചായത്ത് തലങ്ങളിൽ എല്ലാ ഗവ.- എയിഡഡ് വിദ്യാലയങ്ങളെയും ഹരിത പദവിയിലെത്തിച്ച് സമ്പൂർണ ഹരിത വിദ്യാലയ പ്രഖ്യാപനത്തിലേക്കും തദ്ദേശസ്ഥാപനങ്ങൾ കടക്കും.  ഡിസംബർ 31ന് മുമ്പ് എല്ലാ വിദ്യാലയങ്ങളെയും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കുന്ന  പ്രവർത്തനമാണ്  പുരോ​ഗമിക്കുന്നത്.  15 കലാലയങ്ങളെയും ഹരിത കലാലയങ്ങളായും മാറ്റും. തിരുവല്ല മാക്ഫാസ്റ്റ്, കോഴഞ്ചേരി സെന്റ് തോമസ്, പത്തനംതിട്ട കാതോലിക്കേറ്റ്, റാന്നി സെന്റ് തോമസ്, തുരുത്തിക്കാട്  ബിഎഎം  കോളേജുകൾ ഹരിത പദവി കൈവരിച്ചു.
ഹരിത ടൗൺ , മാർക്കറ്റ് , ഹരിത സ്ഥാപനം
ജില്ലയിലെ 57 ജങ്ഷനുകൾ / കവലകളും   ശുചീകരണം പൂർത്തീകരിച്ച് ഹരിതടൗണുകളായും 63 പൊതു ഇടങ്ങൾ വൃത്തിയാക്കി ഹരിത പദവി നൽകുന്ന പ്രവർത്തനവും നടന്നു.  സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളുൾപ്പടെ 1,116 സ്ഥാപനങ്ങൾ ഹരിത വിലയിരുത്തൽ പൂർത്തിയാക്കി  ഹരിത സ്ഥാപന പദവിക്ക് അർഹരായി.  
 വിനോദ സഞ്ചാര കേന്ദ്രം 
ടൂറിസം കേന്ദ്രങ്ങളെ ഹരിത പദവിയിലെത്തിക്കുന്ന പ്രവർത്തനങ്ങളിൽ ജില്ലയിൽ ആദ്യമായി അടവി എക്കോ ടൂറിസം കേന്ദ്രമാണ് പ്രഖ്യാപനത്തിലേക്ക് എത്തുന്നത്.  വെള്ളിയാഴ്ച കെ യു  ജനീഷ് കുമാർ എംഎല്‍എ  പ്രഖ്യാപനം നടത്തും. കോന്നി ആനക്കൂട്, പെരുന്തേനരുവി എന്നിവിടങ്ങളിലും ഹരിത ടൂറിസം കേന്ദ്രമാകുന്ന  നടപടി  അന്തിമഘട്ടത്തിലാണ്. എല്ലാ ടൂറിസം കേന്ദ്രങ്ങളെയും ഹരിതവിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതും ക്യാമ്പയിന്റെ പ്രധാന ലക്ഷ്യമാണ്.
ഹരിത അയൽക്കൂട്ടം 
ജില്ലയിലെ 10,347 അയൽക്കൂട്ടങ്ങളിൽ 2,383 അയൽക്കൂട്ടങ്ങൾ ആദ്യഘട്ടത്തിൽ ഹരിത അയൽക്കൂട്ട പദവിയിലേക്ക് എത്തി. അടുത്ത മാർച്ച്  എട്ടിന്  വനിതാ ദിനത്തിൽ സമ്പൂർണ ഹരിത അയൽക്കൂട്ട പ്രഖ്യാപനത്തിലേക്ക് എത്തും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഹരിത കേരളം മിഷൻ, കുടുംബശ്രീ, ശുചിത്വ മിഷൻ, കില,  കെഎസ്ഡബ്ല്യുഎംപി, ക്ലീൻ കേരള കമ്പനി തുടങ്ങിയവരുടെ നേതൃത്വത്തിലും ഏകോപനത്തിലും വിവിധ മേഖലകളിലെ സംഘടനകളുടെയും പൊതു സമൂഹത്തിന്റെയും സഹകരണത്തോടെയാണ് മാലിന്യമുക്തം നവകേരളം   ക്യാമ്പയിൻ മുന്നോട്ടു പോകുന്നത്. 2025 മാർച്ച് 30 അന്താരാഷ്ട്ര ശൂന്യ മാലിന്യ ദിനത്തിൽ കേരളത്തെ സമ്പൂർണ ശുചിത്വ സുസ്ഥിര സംസ്ഥാനമായി പ്രഖ്യാപിക്കുന്നതാണ്  ക്യാമ്പയിന്റെ ലക്ഷ്യം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top