പത്തനംതിട്ട
ഒരുപാട് റാലികളും പ്രതിഷേധവും കണ്ടിട്ടുള്ള പത്തനംതിട്ട നഗരം വ്യാഴാഴ്‌ച ഒരു റാലിക്കൊപ്പം ഒരേ മനസ്സോടെ അണിനിരന്നു.
മീറ്ററുകൾ മാത്രം അപ്പുറമുള്ള ലക്ഷ്യ സ്ഥാനത്തേക്ക് റാലിയായി പോയവരെ കണ്ടുനിന്നവർ കരം പിടിച്ച് ഒപ്പം നടന്നു. അന്താരാഷ്‌ട്ര വൈറ്റ് കെയിൻ ദിനത്തിന്റെ ഭാഗമായി കെഎഫ്‌ബി ജില്ലാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാഴ്‌ച പരിമിതർ നടത്തിയ വൈറ്റ് കെയിൻ റാലിയാണ് കണ്ണുകളിൽ ഈറനണിയിച്ചത്.
കെഎസ്‌ആർടിസി സ്‌റ്റാൻഡ് മുതൽ സ്വകാര്യ ബസ് സ്‌റ്റാൻഡ് വരെ കാഴ്‌ചയില്ലാത്ത നാൽപ്പതിലധികം ആളുകളെ ഉൾപ്പെടുത്തിയായിരുന്നു റാലി. പത്തനംതിട്ട സി ഐ ഡി ഷിബുകുമാർ ഉദ്‌ഘാടനം ചെയ്‌തു. ട്രാഫിക് എസ്‌ഐ തുളസീദാസ് കാഴ്‌ചയില്ലാത്തവർക്ക് വൈറ്റ് കെയിൻ വിതരണം ചെയ്‌തു.
ജില്ലാ യൂണിറ്റ് പ്രസിഡന്റ് ജിപു പി സ്‌കറിയായും സംസ്ഥാന സെക്രട്ടറിയും യൂണിറ്റ് നോമിനിയുമായ ലാൽജികുമാറും റാലിക്ക് നേതൃത്വം നൽകി. റാലിയിൽ കാഴ്‌ചയില്ലാത്തവരോടൊപ്പം നിയമപാലകരും കുമ്പളാംപൊയ്‌ക സിഎംഎസ് സ്‌കൂളിലെ എൻസിസി കേഡറ്റുകളും അധ്യാപകരും രക്ഷാകർത്താക്കളും നാട്ടുകാരും പങ്കാളിയായി. ഏകദേശം 80 പേർ പങ്കെടുത്ത വൈറ്റ് കെയിൻ റാലി പൊതുജനത്തിന് പുതുമയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..