23 December Monday

അവശ്യസാധനങ്ങൾ ഗോഡൗണുകളിലെത്തി പഞ്ഞമില്ലാത്ത ഓണം

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

പറക്കോട്‌ സപ്ലൈകോ ഗോഡൗണിൽ സാധനങ്ങൾ പായ്‌ക്ക്‌ ചെയ്യുന്ന ജീവനക്കാർ

പത്തനംതിട്ട
ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വില നിയന്ത്രിച്ചു നിർത്താനും കുറഞ്ഞ വിലയ്ക്ക് ​ഗുണനിലവാരം ഉറപ്പുവരുത്തി അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനും  സപ്ലൈകോ നേതൃത്വത്തില്‍  വിപുലമായ ഒരുക്കങ്ങൾ തുടങ്ങി.  ജില്ലയിലെ  78 വിൽപ്പനശാലകളിലൂടെ 13 ഇന സബ്സിഡി സാധനങ്ങളടക്കം എല്ലാ  അവശ്യ സാധനങ്ങളും    ലഭ്യമാക്കും. അവശ്യസാധനങ്ങളെല്ലാം ജില്ലയിലെ നാല് ​ഗോഡൗണുകളിലും എത്തി.  വിൽപ്പന  ശാലകളിലേക്കും ഇവ എത്തിക്കുന്ന നടപടികളും ആരംഭിച്ചു. 
ജില്ലാ  ഓണം ഫെയര്‍  പത്തനംതിട്ടയിൽ ആറിന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.  സെന്റ്സ്റ്റീഫന്‍സ്  ഓഡിറ്റോറിയത്തിന്  സമീപം  കിഴക്കേടത്ത് ബില്‍ഡിങില്‍ വൈകിട്ട് അഞ്ചിന് ഓണം മേള പ്രവര്‍ത്തനം ആരംഭിക്കും. വിൽപ്പനശാലകളിലൂടെ  അന്ത്യോദയ കാർഡുകാര്‍ക്കും  സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങള്‍ക്കും  സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യും. ഇത്തരത്തിൽ ജില്ലയിലാകെ 23,166 ഓണക്കിറ്റുകളാണ് സൗജന്യമായി വിതരണം ചെയ്യുക. പത്തനംതിട്ട, കോന്നി 6,943,   തിരുവല്ലയിൽ 5,004,  റാന്നിയിൽ 5,819,  അടൂർ താലൂക്കിൽ 5,397 എന്നിങ്ങനെയാണ് കിറ്റുകൾ നൽകുക.  പത്തനംതിട്ട ഡിപ്പോയിൽ 22 വിൽപനശാലകളും പറക്കോട് 20,  റാന്നി, തിരുവല്ല എന്നിവിടങ്ങളിൽ 18 വിൽപ്പനശാലകള്‍ മുഖേനയാണ്  സപ്ലൈകോ  സാധനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക.  ജില്ലാ ഓണം ഫെയറിന് പുറമെ  അഞ്ചു മണ്ഡലങ്ങളിലും ഓണം ഫെയറുകൾ ആരംഭിക്കും.  ഇവ ഏഴു മുതൽ പ്രവർത്തനം തുടങ്ങും.  14 വരെ  മേളകൾ പ്രവർത്തിക്കും. സംസ്ഥാന ഹോര്‍ട്ടികോര്‍പ്പ്,  മിൽമ എന്നിവയുടെ സ്റ്റാളുകളും  ഓണം വിപണിയുടെ ഭാഗമായി പ്രവർത്തിക്കും.  ഇവയിലൂടെ പഴം പച്ചക്കറികൾ പാൽ, പാല്‍ ഉല്‍പ്പന്നങ്ങൾ എന്നിവ വലിയ വിലക്കുറവിൽ ലഭ്യമാക്കും .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top