അടൂർ
യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അടൂർ ഏഴംകുളം പട്ടാഴി മുക്ക് മലവിളയിൽ വടക്കേതിൽ ഷെമീർ(39) നാണ് കുത്തേറ്റത്. ഷെമീറിനെ കുത്തി പരിക്കേൽപ്പിച്ച ആനാംകോട് രാജുഭവനിൽ റിജോ എസ് രാജ് -(33) അടൂർ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി 9.15-നായിരുന്നു സംഭവം. ഷെമീർ കാറിൽ വീട്ടിലേക്ക് പോകുമ്പോൾ മൊബൈൽ ഫോണിൽ വന്ന ഒരു കോൾ എടുക്കാൻ കാർ നിർത്തി. ഈ സമയം റിജോ എസ് രാജ് ഇയാളുടെ ബന്ധുവിന്റെ വീടിനു മുമ്പിൽ ഗേറ്റിനു സമീപം നിൽക്കുകയായിരുന്നു. കാർ ഈ ഭാഗത്ത് നിർത്തിയത് റിജോ ചോദ്യം ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ഉന്തും തള്ളുമുണ്ടാകുകയും ചെയ്തു. തുടർന്ന് റിജോ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ച കത്തി ഉപയോഗിച്ച് ഷെമീറിന്റെ നെഞ്ചിൽ കുത്തി. കുത്തുകൊണ്ട ഷെമീർ സ്വന്തം വീട്ടിലേക്ക് കാർ ഓടിച്ചു പോയി. പിന്നീട് ഒരു സുഹൃത്തിനെ കൂട്ടി ആശുപത്രിയിലേക്ക് പോകാനായി പ്ലാന്റേഷൻ മുക്ക് ഭാഗത്തേക്ക് വീണ്ടുമെത്തി. ഇതോടെ ഷെമീറിന്റെ കാർ കണ്ട റിജോ കാർ തടഞ്ഞ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കാറിലിരുന്ന ഷെമീറിന്റെ നെഞ്ചിലും വയറിലും തുടരെ കുത്തി.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പേടിച്ച് കാറിന് പുറത്തിറങ്ങിയതിനാൽ ഇയാൾ രക്ഷപെട്ടു. അവശനായ ഷെമീറിനെ നാട്ടുകാരുടെ സഹായത്തോടെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടൂർ സി ഐ ശ്യാം മുരളി, എസ്ഐമാരായ ഡി സുനിൽകുമാർ, രാധാകൃഷ്ണൻ, എസ് സി പിഒ ശ്രീജിത്ത്, മുജീബ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..