പത്തനംതിട്ട
പത്തനംതിട്ടജില്ലക്കാരുടെ പ്രധാന പരാതിയാണ് ജില്ലാ ആസ്ഥാനത്തിനടുത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളൊന്നും ഇല്ല എന്നത്. ഇതിന് പരിഹാരമായി വലഞ്ചുഴി ടൂറിസം പദ്ധതിക്ക് 3.06 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. അച്ചൻകോവിലാറിന്റെ തീരത്തുള്ള ഗ്രാമമായ വലഞ്ചുഴിയെ ഉത്തരവാദിത്ത ടൂറിസം മാതൃകയിൽ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിനായി 3,06,53,182 രൂപയുടെ അനുമതി നൽകിയത്. 18 മാസത്തിനകം പദ്ധതി പൂർത്തിയാക്കും. ജില്ലാ ആസ്ഥാനത്തുനിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രം അകലെള്ള വലഞ്ചുഴിയിൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ ജില്ലയുടെയാകെ മുഖച്ഛായ മാറും.
വലഞ്ചുഴിയുടെ പാരിസ്ഥിതികവും സാംസ്കാരികവുമായ തനിമ നിലനിർത്തിക്കൊണ്ടുള്ള പദ്ധതിയിൽ പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. പ്രാദേശിക സംരംഭകരെ പ്രോത്സാഹിപ്പിച്ചും തദ്ദേശവാസികളെ ടൂറിസം പ്രവർത്തനത്തിന്റെ ഭാഗമാക്കിയും ഉത്തരവാദിത്ത ടൂറിസം മാതൃകയിലായിരിക്കും പദ്ധതി വികസിപ്പിക്കുക. പത്തനംതിട്ട നഗരവാസികളെ കൂടി ലക്ഷ്യമിട്ടുള്ള വിനോദസഞ്ചാര കേന്ദ്രമായി വലഞ്ചുഴിയെ മാറ്റും. പുതിയ ഡെസ്റ്റിനേഷൻ കണ്ടെത്തുകയും അത് വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് ടൂറിസം വകുപ്പിന്റെ നയമെന്നും അതിന്റെ ഭാഗമായാണ് വലഞ്ചുഴി ടൂറിസം പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നതെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ലെഷർ ടൂറിസത്തിന്റെ സാധ്യതകൾ കൂടി ഇവിടെ പരമാവധി പ്രയോജനപ്പെടുത്തുകയാണ്. ടൂറിസത്തെ കൂടുതൽ ജനകീയമാക്കാൻ ഇത്തരം പദ്ധതികൾ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. സ്ഥലം എംഎൽഎയും ആരോഗ്യമന്ത്രിയുമായ വീണാ ജോർജ് പദ്ധതിയുടെ ഭരണാനുമതി ലഭിക്കാനായി സജീവമായി ഇടപെട്ടിരുന്നു.
വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള നാല് പ്രവേശന കവാടം, ഗേറ്റ് വേ സ്ട്രക്ചർ, വോക്ക് വേ, ശുചിമുറി സമുച്ചയം, പുറത്ത് ഭക്ഷണം കഴിക്കാനുള്ള സൗകര്യം, കച്ചവട സ്ഥാപനങ്ങൾ, ലാൻഡ് സ്കേപ്പിങ്, മാലിന്യസംസ്‌കരണ സംവിധാനം, കുടിവെള്ള കിയോസ്ക്, ഹോർട്ടികൾച്ചർ, പ്ലംബിങ്, ഇലക്ട്രിക്കൽ, മറ്റ് നിർമ്മാണ ജോലികൾ തുടങ്ങിയവയ്ക്കായാണ് തുക വകയിരുത്തിയിട്ടുള്ളത്.
ടൂറിസം വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നിർമാണ ചുമതല അംഗീകൃത ഏജൻസികൾക്ക് ആയിരിക്കും. വലഞ്ചുഴിയിൽ പത്തനംതിട്ട നഗരസഭയുടെ അധീനതയിൽ വരുന്ന സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. 20, 22, 24 വാർഡുകളിൽ ഉൾപ്പെട്ട 2.18 ഹെക്‌ടർ ആറ്റ് പുറമ്പോക്കിൽനിന്ന് ആവശ്യമായ സ്ഥലം പദ്ധതിക്ക് വിനിയോഗിക്കും. ആറിന്റെ സൗന്ദര്യമാസ്വദിച്ച് പുറത്ത് ഭക്ഷണം കഴിക്കാനുള്ള സൗകര്യം പദ്ധതിയിൽ പ്രധാനപ്പെട്ടതാണ്. കൂടാതെ വിവിധ കലാ, സാംസ്‌കാരിക, സാമൂഹ്യ ഒത്തുചേരലുകൾക്കുള്ള സ്ഥലം, സ്റ്റേജ്, ഓപ്പൺ ജിം എന്നിവയുമുണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..